അങ്കമാലി: എറണാകുളം, ത്യശൂർ ജില്ലകളിലെ 5 നിയമസഭാ മണ്ഡലങ്ങളിലെ 22 ഗ്രാമപഞ്ചായത്തുകളിലും രണ്ട് നഗരസഭാ പ്രദേശത്തും ജലസേചനത്തിനും കുടിവെള്ളത്തിനും ആശ്രയിക്കുന്ന ചാലക്കുടി റിവർ ഡൈവേർഷൻ സ്‌കീമിന്റെ വാർഷിക അറ്റകുറ്റപ്പണികൾക്ക് പണം നൽകാത്ത സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. പലയിടങ്ങളിലും കനാലുകളുടെ ബണ്ടുകൾ ഇടിഞ്ഞും കെട്ടുകൾ തകർന്നും ജലവിതരണ യോഗ്യമല്ലാത്ത അവസ്ഥയിലാണ്. എല്ലാ വർഷവും സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണികൾക്ക് പ്ലാൻ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ ഈ വർഷം പണം വകയിരുത്തിയിട്ടില്ല. ജലവിതരണം നടത്താത്ത മൺസൂൺ സീസണിലാണ് കനാലുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. അറ്റകുറ്റപ്പണികൾ തീർത്ത് ഒക്ടോബർ അവസാന വാരത്തിൽ ജലവിതരണം പുനരാരംഭിക്കേണ്ടതുണ്ട്. ഈ വർഷം തുക അനുവദിക്കാത്തതിനാൽ പണികൾ നടത്തി ജലവിതരണം പുനരാരംഭിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ഈ വർഷം നടത്തേണ്ട അടിയന്തര പ്രവൃത്തികൾക്ക് 16 കോടി രൂപ വേണ്ടി വരും. ഉദ്യോഗസ്ഥർ പദ്ധതികൾ സർക്കാരിന് സമർപ്പിച്ച് അനുമതിക്കായി കാത്തിരിക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പഞ്ചായത്തുകളുടെ നേത്യത്വത്തിൽ കനാൽ ക്ലീനിംഗ് ജോലികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്താതെ ജലവിതരണം സുഗമമാവുകയില്ല.
കഴിഞ്ഞ ദിവസം ചാലക്കുടിയിൽ ചേർന്ന ജലസേചന പദ്ധതി പ്രോജക്ട് കമ്മിറ്റി യോഗത്തിൽ റോജി എം. ജോൺ എം.എൽ.എയും സനീഷ് കുമാർ ജോസഫ് എം.എൽ.എയും ഫണ്ട് നൽകാതെ സർക്കാർ ചാലക്കുടി ജലസേചന പദ്ധതിയെ ഞെരുക്കുകയാണെന്ന് ആരോപിച്ചു. സർക്കാരിന്റെ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും എം.എൽ.എമാർ വ്യക്തമാക്കി. ചാലക്കുടി ഇറിഗേഷൻ ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ ചേർന്ന യോഗത്തിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ അദ്ധ്യക്ഷനായി. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടീവ് എൻജിനിയർമാരായ വി.ജി. നിർമ്മൽ, എം.യു. നിസാർ, രാജി തമ്പാൻ, പ്രൊജക്ട് കമ്മിറ്റി അംഗങ്ങളായ ടി.എം. വർഗീസ്, അഡ്വ. പി.എ. മാത്യു, പോളി ഡേവിസ്, ബി.വി. ചന്ദ്രൻ, എം.പി. ശ്രീധരൻ പിള്ള, എ.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.