
* വെള്ളാപ്പള്ളി നടേശൻ തറക്കല്ലിടും
ആലുവ: ആധുനിക സൗകര്യങ്ങളോടെ എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന് നാളെ രാവിലെ 11.50ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ശിലാസ്ഥാപനം നിർവഹിക്കുമെന്ന് യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അറിയിച്ചു.
അദ്വൈതാശ്രമത്തിന് എതിർവശം ടാസ്‌റോഡിൽ 2.4കോടിരൂപ ചെലവിൽ യൂണിയൻ വാങ്ങിയ 17സെന്റ് സ്ഥലത്ത് നാല് നിലകളിലായി 12,000 ചതുരശ്ര അടിയിലാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. 2.8കോടിരൂപ ചെലഴിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിൽ 200 പേർക്ക് ഇരിക്കാവുന്ന ഹാൾ, യൂണിയന്റെയും പോഷക സംഘടനകളുടെയും ഓഫീസ് മുറികൾ, കടമുറികൾ, ഭൂഗർഭ പാർക്കിംഗ് സൗകര്യം എന്നിവയുണ്ടാകും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമന്റെ നവതിസ്മാരക മന്ദിരമായാണ് നിർമ്മിക്കുന്നത്.
61 ശാഖകൾ ചേർന്നതാണ് എസ്.എൻ.പി യോഗം ആലുവ യൂണിയൻ. ഗുരുവിന്റെ ഗൃഹസ്ഥശിഷ്യനായ ഗോവിന്ദൻ മേസ്‌തിരിയുടെ ആദ്യകാലപുരയിടമാണ് യൂണിയൻ ആസ്ഥാനം നിർമ്മിക്കാനായി സ്വന്തമാക്കിയത്.
* ഗണപതി ഹോമത്തോടെ തുടക്കം
നാളെ രാവിലെ 6 മുതൽ സൗമിത്രൻ തന്ത്രിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പിയോഗം വൈദികയോഗം ശാന്തിമാർ ഗണപതിഹോമം, ഭൂമിപൂജയോടെ ചടങ്ങുകൾ ആരംഭിക്കും.
പത്തിന് ചേരുന്ന പൊതുസമ്മേളനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് വി. സന്തോഷ്ബാബു അദ്ധ്യക്ഷനാകും. എസ്.എൻ ട്രസ്‌റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, റബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണിക്കൃഷ്ണൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, യോഗം ബോർഡ് മെമ്പർമാരായ വി.ഡി. രാജൻ, പി.പി. സനകൻ, ടി.എസ്. അരുൺ എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ നന്ദിയും പറയും.
യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ബോർഡ് മെമ്പർ വി.ഡി. രാജൻ, എം.കെ. കോമളകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.