
മൂവാറ്റുപുഴ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് പരസഹായം ഇല്ലാതെ ചലിക്കാൻ പോലും സാധിക്കാത്ത മാമലക്കണ്ടം സ്വദേശിയുടെ വീടെന്ന സ്വപ്നം പൂവണിയുന്നു. പുതുവത്സര സമ്മാനമായി വീട് കൈമാറുമെന്ന് ഭാരവാഹികൾ പറഞ്ഞു. ശ്രീമൂലം യൂണിയൻ ക്ലബ് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ കർമ്മം ക്ലബ് പ്രസിഡന്റ് ജോസ് വർക്കി കാക്കനാട്ട് നിർവഹിച്ചു. മാമലക്കണ്ടം സ്വദേശിയായ അനീഷ് .എം.ശശിധരൻ രണ്ട് കുട്ടികളെയും ഭാര്യയെയും കൊണ്ട് എം.സി റോഡ് അരികിൽ പുറമ്പോക്ക് ഭൂമിയിൽ താത്കാലികമായി നിർമ്മിച്ച ഷെഡിലാണ് കഴിഞ്ഞിരുന്നത്.
ഇവരെ പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഇടപെട്ട് മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റി താമസിപ്പി ച്ചിരിക്കുകയാണ്. ഇവർക്കായി ഭവന നിർമ്മാണത്തിന് കായനാട് ഇമ്മാനുവൽ യു.പി. സ്‌കൂളിന് സമീപം 4 സെന്റ് സ്ഥലം വാങ്ങി നൽകിയത് കോൺട്രാക്ടറായ ആടുകുഴി രാജു ചാക്കോയാണ്. ഇവിടെ 9 ലക്ഷം രൂപയിൽ അധികം ചെലവിലാണ് 600 സ്ക്വയർ ഫീറ്റ് വീട് നിർമ്മിച്ചു നൽകുക.
ചടങ്ങിൽ പ്രസിഡന്റ് ജോസ് വർക്കി കാക്കനാട്ട് അദ്ധ്യക്ഷത വഹിച്ചു. , വൈസ് പ്രസിഡന്റ് ഒ.പി. ബേബി, സെക്രട്ടറി എ. ജയറാം , ട്രഷറർ ബി.ബി. കിഷോർ , ജോയിന്റ് സെക്രട്ടറി അഡ്വ. ഒ.വി. അനീഷ് എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ സെൻ ചെറിയാൻ , ഹിപ്സൺ എബ്രഹാം , അഡ്വ. റാം മോഹൻ എൽ., ഷെറിമോൻ ചാലക്കര എന്നിവർ സംസാരിച്ചു.