കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ കക്കാട്, മറ്റക്കുഴി. വെണ്മണി വാർഡുകളിലെ എല്ലാ കുടുംബങ്ങൾക്കും സബ്‌സിഡി നിരക്കിൽ ഭക്ഷണ സാധനങ്ങൾ റിഫൈനറിയുടെ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സ്റ്റോർ വഴി വിതരണം
ചെയ്യണമെന്ന് എൻ.സി.പി (എസ്) ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിൽ റിഫൈനറി ജീവനക്കാർക്ക് മാത്രമാണ് സ്റ്റോറിന്റെ പ്രയോജനം ലഭിക്കുന്നത്. ബ്ളോക്ക് പ്രസിഡന്റ് സാൽവി കെ. ജോൺ, മണ്ഡലം പ്രസിഡന്റ് ജോഷി സേവ്യർ, സുലോചന മോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മറ്റ് ആവശ്യങ്ങൾ
1. വാർഡുകളിലെ കുടുംബങ്ങൾക്കായി കൊച്ചി റിഫൈനറി 8 വർഷം മുമ്പ് തുടങ്ങിയ 50,000 രൂപയുടെ മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയുടെ പരിധി ഉയർത്തണം. ഇൻഷ്വറൻസ് തുക 5 ലക്ഷമാക്കണം.
2. മാമല, മുരിയമംഗലം, വെണ്ണിക്കുളം, കോക്കാപ്പിള്ളി, വണ്ടിപേട്ട, കണ്ണ്യാട്ടുനിരപ്പ് എന്നീ വാർഡുകളിലേയ്ക്ക് മെഡിക്കൽ ഇൻഷ്വറൻസ് വ്യാപിപ്പിക്കണം.
3. ശാസ്താംമുഗൾ വാപ്പലത്താഴം റോഡ് ചിത്രപ്പുഴ വരെ നീട്ടാൻ ഫണ്ട് അനുവദിക്കണമെന്നും ഇത് തൃപ്പൂണിത്തുറ, തിരുവാങ്കുളം ഭാഗങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കും.
4. റിഫൈനറിയോട് ചേർന്ന് കിടക്കുന്ന വാർഡുകളിൽ നാമമാത്രമായ തുകയാണ് സി.എസ്.ആർ ഫണ്ടിൽ നിന്ന് വിനിയോഗിക്കുന്നത്. അർഹമായ തുക വിനിയോഗിക്കാൻ കമ്പനി തയ്യാറാകണം.