
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയുടെ ഹൃദയഭാഗത്ത് സബ് രജിസ്ട്രാർ ഓഫീസിനു മുൻവശത്തായി നഗരസഭ സ്ഥാപിച്ച ബസ് ബേയിൽ ബസുകൾ കയറാത്തതു മൂലം സ്ത്രീകളും വിദ്യാർത്ഥികളുമടക്കമുള്ള യാത്രക്കാർ ബസിൽ കയറുന്നതിനായി നടുറോഡിൽ വെയിലും മഴയുമേറ്റ് നിൽക്കേണ്ട അവസ്ഥയാണ്. തിരക്കേറിയ സ്റ്റേറ്റ് ഹൈവേ നമ്പർ ഒന്നിൽ സൂപ്പർഫാസ്റ്റ്, ഓർഡിനറി ബസുകൾ ഉൾപ്പെടെ റോഡിൽ നിറുത്തുമ്പോൾ അപകടങ്ങളും പതിവാണ്. മീഡിയൻ നീക്കണമെന്ന് ആവശ്യപ്പെട്ട് മുൻ നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ വൈദ്യുതി മന്ത്രിക്ക് നവേദനം നൽകിയിരുന്നു. തുടർന്ന ട്രാൻസ്‌ഫോർമർ അടക്കം മാറ്റി സ്ഥാപിക്കുന്നതിന് സർക്കാർ നിർദേശം നൽകുകയും പണം അടക്കുകയും ചെയ്തിരുന്നതാണ്. എന്നിട്ടും മീഡിയൻ പൊളിച്ചുമാറ്റുന്നതിന് പി.ഡബ്ല്യു.ഡി മെയിന്റനൻസ് വിഭാഗം തയ്യാറാകാത്തതാണ് മുഖ്യമായ തടസമായി നിൽക്കുന്നത്. നഗരസഭ അടിയന്തരമായി ഇടപെട്ട് മീഡിയൻ പൊളിച്ചുമാറ്റി ബസ് ബേയിൽ ബസുകൾ കയറുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് പൗരസമിതി ആവശ്യപ്പെടുന്നു.
മീഡിയൻ പൊളിച്ചുമാറ്റാത്തതിന് കാരണം
1. റോഡ് വീതി കൂട്ടി നിർമ്മിച്ചുനൽകിയപ്പോൾ, അശാസ്ത്രീയമായി സ്ഥാപിച്ച മീഡിയനാണ് ബസ് ബേയിൽ വാഹനങ്ങൾ പ്രവേശിക്കുന്നതിന് തടസമാകുന്നത്.
2. മീഡിയനിലെ കെ.എസ്.ഇ.ബി.യുടെ ട്രാൻസ്‌ഫോർമർ നഗരസഭ മാറ്റി സ്ഥാപിച്ചിട്ടും കെ.എസ്.ഇ.ബി.യുടെ ഒരു ഇലക്ട്രിക് പോസ്റ്റ് മീഡിയനിൽത്തന്നെ അഞ്ചു വർഷത്തോളമായി നിലനിൽക്കുകയാണ്.
3. മീഡിയൻ പൊളിച്ചുമാറ്റുന്നതിന് ഇത് മുഖ്യ തടസമാണെന്നാണ് നഗരസഭ അധികൃതരുടെ മറുപടി.
ട്രാൻസ്‌ഫോർമറും പോസ്റ്റും മീഡിയനിൽനിന്ന് മാറ്റി സ്ഥാപിക്കുന്നതിന് മുൻ വൈദ്യുതി മന്ത്രി എം.എം. മണിയിൽനിന്ന് ഉത്തരവ് വാങ്ങി നൽകിയിട്ടുണ്ടായിരുന്നു
റോയി എബ്രഹാം
മുൻ നഗരസഭാ ചെയർമാൻ
മീഡിയൻ അടിയന്തരമായി പൊളിച്ചുമാറ്റി ബസ് ബേയിൽ ബസുകൾ കയറുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കും.
കലാ രാജു
നഗരസഭാ ചെയർമാൻ
ബന്ധപ്പെട്ട ഫയലുകൾ പരശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കും
അസിസ്റ്റന്റ് എൻജിനിയർ
കെ.എസ്.ഇ.ബി.