
ചോറ്റാനിക്കര: തകർന്നു കിടന്ന വണ്ടി പ്പേട്ട-കണ്യാട്ട് നിരപ്പ് റോഡ് നന്നാക്കി ഒ.ഇ.എൻ ജീവനക്കാർ. ഒ.ഇ.എൻ കമ്പനിയിലേക്കുള്ള പ്രധാന പാതയായ വെട്ടിക്കൽ, തിരുവാണിയൂർ റോഡ് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ജീവനക്കാർ കമ്പനിയിലേക്ക് എത്തുന്നത് വണ്ടിപ്പേട്ട-കണ്യാട്ട് നിരപ്പ്- പെരുമാണത്ത് താഴം റോഡ് വഴിയാണ്. ടാറിംഗ് നടന്നതിനുശേഷം റോഡിന്റെ സൈഡ് കോൺക്രീറ്റ് ചെയ്യുന്നതിന് ഇറക്കിയിട്ട മെറ്റലും മെറ്റൽ പൊടിയും കഴിഞ്ഞദിവസം പെയ്ത മഴയിൽ റോഡിലേക്ക് ഒഴുകിയെത്തിയതോടെ കുത്തനെയുള്ള ഇറക്കത്തിൽ ഇരുചക്രവാഹനക്കാർ അടക്കം നിരവധി പേരാണ് വീണത്.
അര കിലോമീറ്ററോളം നീളമുള്ള റോഡിൽ മെറ്റലും ചരലും നിറഞ്ഞതിനാൽ ജീവനക്കാർക്ക് കമ്പനിയിൽനിന്ന് തിരിച്ചു പോകാൻ നിവൃത്തി ഇല്ലാതെ ദുരിതത്തിലായി. ഇരുട്ടും മുമ്പ് വീട്ടിൽ എത്തണമെങ്കിൽ റോഡിലെ ചരലും മെറ്റലും നീക്കാതെ വഴിയില്ലാതായതോടെ വനിതാ ജീവനക്കാർ തന്നെ മുന്നിട്ടിറങ്ങി. സമീപത്തെ വീടുകളിൽ നിന്ന് തൂമ്പയും കൈക്കോട്ടും ചട്ടിയും മേടിച്ച് കയ്യും മെയ്യും മറന്നു ജീവനക്കാർ റോഡ് നന്നാക്കി. സമീപവാസിയായ വിഷ്ണുവും, ഒ.ഇ.എൻ ജീവനക്കാരികളായ ലിൻസി മത്തായി, മിനി എസ്.വി എന്നിവർ നേതൃത്വം നൽകി.