നെടുമ്പാശേരി: ദുരിതങ്ങൾ വിട്ടൊഴിയാതെ വേട്ടയാടിയതോടെ ദുരിതക്കയത്തിലായ ചെങ്ങമനാട് കപ്രശേരി മുക്കൂട്ടത്തിൽ സദാനന്ദന്റെ കുടുംബം സുമനസുകളുടെ സഹായം തേടുന്നു. കൽപ്പണിക്കാരനായ സദാനന്ദന് (70) കുടലിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയതോടെ ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്.
വീട്ടുജോലിക്ക് പോയിരുന്ന ഭാര്യ രമണിയെ പൊടുന്നനെ പ്രമേഹ രോഗവും ബാധിച്ചു. രോഗം മൂർച്ഛിച്ചതോടെ ആദ്യം വിരലുകളും പിന്നീട് മുട്ടിന് താഴെയും ഒടുവിൽ ഇടതുകാൽ പൂർണമായും മുറിച്ചു മാറ്റേണ്ടിവന്നു. ഇപ്പോൾ വലതുകാലിലേക്കും പഴുപ്പ് ബാധിച്ചിരിക്കുകയാണ്.
ഇരുവരുടെയും ചികിത്സകൾക്കായി ഭീമമായ തുകയാണ് ചെലവായത്. ആശുപത്രികളിൽ അടക്കം 10 ലക്ഷത്തിലധികം രൂപ കടബാദ്ധ്യതയുണ്ട്. തുടർ ചികിത്സക്കും പണം വേണം. കൂലിപ്പണിക്കാരനായ ഇളയ മകൻ മാത്രമാണ് കുടുംബത്തിന്റെ ഏക ആശ്രയം.
ഇവരെ സഹായിക്കാൻ അൻവർ സാദത്ത് എം.എൽ.എ രക്ഷാധികാരിയായും പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ ചെയർമാനായും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സുനിൽകുമാർ ജനറൽ കൺവീനറായും ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. എസ്.ബി.ഐ അത്താണി ശാഖയിൽ എസ്.ബി ജോയിന്റ് അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 00000044377120425. ഐ.എഫ്.എസ്.സി: SBIN0070789.
ഫോൺ: 9400054203, 9446513319.