കൊച്ചി: ആലുവ - മൂന്നാർ ദേശീയപാതയിലെ നേര്യമംഗലം - വാളറപ്രദേശം സംരക്ഷിത വനമാണോ റവന്യൂഭൂമിയാണോയെന്ന് വ്യക്തമാക്കി സർക്കാർ ഉടൻ ഉത്തരവിറക്കണമെന്ന് ഹൈക്കോടതി. കേസിൽ രണ്ടുതരത്തിലും സത്യവാങ്മൂലം സമർപ്പിച്ചതിന് കോടതി സർക്കാരിനെ വിമർശിച്ചു.

റിസർവ് വനമല്ലെന്നാണ് ഉത്തരവെങ്കിൽ പാതവീതികൂട്ടുന്ന നടപടിയുമായി ദേശീയപാത അതോറിട്ടിക്ക് മുന്നോട്ടുപോകാം. അതേസമയം കോടതിയുടെ അന്തിമതീർപ്പിൽ ഇത് വനമാണെന്ന് കണ്ടെത്തിയാൽ വനസംരക്ഷണനിയമം ലംഘിച്ചതിനുള്ള പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ഡിസംബർ ഒന്നിന് വിശദമായ വാദംകേൾക്കും.

മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ സ്വദേശി എം.എൻ. ജയചന്ദ്രൻ ഫയൽചെയ്ത ഹർജിയും ദേശീയപാത അതോറിട്ടിയുടെ റിവ്യൂ ഹർജിയുമാണ് കോടതി പരിഗണിക്കുന്നത്. 13 കിലോമീറ്റർ ദൂരത്തിൽ പാതവികസനം നടത്തുന്നത് വനഭൂമിയിലാണെന്ന ആക്ഷേപം ഒരുവശത്തുണ്ട്. പാതയുടെ അപാര്യാപ്തത കാരണമുള്ള ഗതാഗതക്കുരുക്കും സുരക്ഷാപ്രശ്നവും മറുഭാഗത്തുണ്ടെന്നുപറഞ്ഞ കോടതി, സന്തുലിതമായ മാർഗനിർദ്ദേശങ്ങളും പുറപ്പെടുവിച്ചു:

* റോഡ് വികസനം നടത്തേണ്ട പ്രദേശത്തിന്റെ കൃത്യമായ രൂപരേഖയും ബന്ധപ്പെട്ട രേഖകളും ഹൈവേ അതോറിട്ടി ചീഫ് സെക്രട്ടറിക്ക് സമർപ്പിക്കണം.

* ഹൈവേ അതോറിട്ടിയും ഹർജിക്കാരും വനംവകുപ്പും നൽകുന്ന രേഖകളും ഭൂപടവും പരിശോധിച്ച്, പ്രദേശം വനഭൂമിയോ അല്ലയോ എന്ന് ഉത്തരവിറക്കണം.

* സംരക്ഷിത വനമല്ലെന്നാണ് ഉത്തരവെങ്കിൽ ഉടനടി റവന്യൂ, വനംവകുപ്പുകൾ അതിർത്തി നിർണയിക്കണം. എത്രമരങ്ങൾ വെട്ടിനീക്കണമെന്ന് തീരുമാനിക്കണം. തുടർന്ന് ഹൈവേ അതോറിട്ടിക്ക് പണി ആരംഭിക്കാം. സർവേയിലില്ലാത്ത പ്രദേശത്ത് നിർമ്മാണം നടത്തുകയോ മരംവെട്ടുകയോ പാടില്ല.

* മണ്ണിടിച്ചിൽ, മറ്റു പരിസ്ഥിതി പ്രശ്നങ്ങൾ ഒഴിവാക്കാൻ സർക്കാർ മാർഗനിർദ്ദേശമിറക്കണം.

* അടയാളപ്പെടുത്തിയ പ്രദേശത്തുമാത്രമേ നിർമ്മാണം നടത്താവൂ എന്ന് ഹൈവേ അതോറിട്ടി പ്രോജക്ട് ഡയറക്ടർ കരാറുകാർക്ക് കർശനനിർദ്ദേശം നൽകണം.