കൊച്ചി: നാളെ നടക്കുന്ന സ്പൈസ് കോസ്റ്റ് മാരത്തോണിന്റെ ഭാഗമായി പുലർച്ചെ 3.30 മുതൽ രാവിലെ 10 വരെ കൊച്ചി സിറ്റി പരിധിയിൽ ഗതാഗത നിയന്ത്രണമുണ്ടാകം. കൊച്ചി കോർപ്പറേഷനും വിനോദസഞ്ചാര വകുപ്പും സോൾസ് ഒഫ് കൊച്ചിൻ റണ്ണേഴ്സ് ക്ലബും സംയുക്തമായിട്ടാണ് മാരത്തോൺ സംഘടിപ്പിക്കുന്നത്.

ഗതാഗത ക്രമീകരണം:

 ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്ന് ഹൈക്കോടതി, കണ്ടെയ്‌നർ റോഡ്, ഇടപ്പള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ തോപ്പുംപടി ബി.ഒ.ടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്‌സാണ്ടർ പറമ്പിത്തറ പാലം വഴി കുണ്ടന്നൂർ ജംഗ്ഷനിലെത്തണം. തുടർന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് വൈറ്റില, കടവന്ത്ര ജംഗ്ഷനുകൾ വഴി കലൂർ-കതൃക്കടവ് റോഡിലൂടെ കലൂർ ജംഗ്ഷനിലും തുടർന്ന് കച്ചേരിപ്പടി വഴി ഹൈക്കോർട്ട് ജംഗ്ഷനിലെത്തി കണ്ടെയ്‌നർ റോഡ് ഭാഗത്തേക്കും പോകണം. ഫോർട്ടുകൊച്ചി - വൈപ്പിൻ ജങ്കാർ സർവീസ് ഉപയോഗിച്ചും കണ്ടെയ്‌നർ റോഡിലെത്താം.

 തേവര ഫെറി ഭാഗത്തു നിന്ന് കലൂർ, ഇടപ്പള്ളി ഭാഗത്തേക്കുള്ള ചെറു വാഹനങ്ങൾ പണ്ഡിറ്റ് കറുപ്പൻ റോഡിലൂടെ മട്ടമ്മൽ ജംഗ്ഷൻ തിരിഞ്ഞ് പനമ്പിള്ളി നഗർ വഴി പനമ്പിള്ളി നഗർ ജംഗ്ഷനിലെത്തി കടവന്ത്ര-കലൂർ റോഡിൽ പ്രവേശിച്ച് കലൂർ ജംഗഷനിലെത്തി പോകണം.

വൈപ്പിൻ ഭാഗത്തുനിന്ന് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് കലൂർ ജംഗ്ഷനിലെത്തണം. തുടർന്ന് കതൃക്കടവ് - കലൂർ റോഡിലൂടെ കടവന്ത്ര ജംഗ്ഷനിലെത്തി സഹോദരൻ അയ്യപ്പൻ റോഡിലൂടെ വൈറ്റിലയിൽ പ്രവേശിച്ച് കുണ്ടന്നൂർ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകണം. ഫോർട്ടുകൊച്ചി - വൈപ്പിൻ ജങ്കാർ സർവീസും ഉപയോഗിക്കാം.

ഹൈക്കോടതിയിൽ നിന്ന് തേവര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ബനർജി റോഡിലൂടെ മാധവ ഫാർമസി ജംഗ്‌ഷൻ, എം.ജി റോഡ് വഴി പള്ളിമുക്ക് ജംഗ്ഷനിലെത്തി രവിപുരം ജംഗ്ഷനിലൂടെ തേവര ഭാഗത്തേക്ക് പോകണം.