പെരുമ്പാവൂർ: മഹാത്മാ കാവാരികുളം കണ്ഠൻ കുമാരൻ സ്മാരക സാംസ്‌കാരിക നിലയം കെ.എം. ട്രസ്റ്റ് വാർഷിക പൊതുയോഗവും ജന്മദിനാഘോഷവും നാളെ പെരുമ്പാവൂർ ഫാസ്ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് ട്രസ്റ്റ് ചെയർമാൻ ചെങ്ങന്നൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് മോഹൻ ജി. വെൺപുഴശ്ശേരി അദ്ധ്യക്ഷത വഹിക്കും. സി.പി. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തും. സാംബവ സമുദായ സംഘടന രൂപീകരണ ആചാര്യനും സാമൂഹ്യപരിഷ്‌കർത്താവും, കേരള നവോത്ഥാന ചരിത്രത്തിലെ ശ്രദ്ധേയനുമായ മഹാത്മാ കാവാരികുളം കണ്ഠൻകുമാരന്റെ നാമധേയത്തിൽ രൂപീകരിച്ചതാണ് കെ.എം. ട്രസ്റ്റ്. അദ്ദേഹത്തിന്റെ 162-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ചാണ് എറണാകുളം ജില്ലാ കമ്മറ്റിയുടെ വാർഷിക പൊതുയോഗം നടത്തുന്നത്. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ജില്ലാ പ്രസിഡന്റ് മോഹൻ ജി. വെൺപുഴശ്ശേരി, സെക്രട്ടറി എം.കെ. സുരേഷ് ട്രഷറർ എം.എസ്. സുദർശനൻ എന്നിവർ പങ്കെടുത്തു.