pankajakshan
പങ്കജാക്ഷൻ

തൃപ്പൂണി​ത്തുറ: ഉദയംപേരൂർ നോർത്ത് ലോക്കൽകമ്മിറ്റി മുൻ സെക്രട്ടറി ഉദയംപേരൂർ തേരേയ്ക്കൽവീട്ടി​ൽ ടി.എസ്. പങ്കജാക്ഷനെ (64) നടക്കാവി​ലെ പാർട്ടി ഓഫീസി​ൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജനാധിപത്യ മഹി​ളാ അസോസി​യേഷൻ ജി​ല്ലാ പ്രസി​ഡന്റും സി​.പി​.എം. തൃപ്പൂണി​ത്തുറ ഏരി​യാ കമ്മി​റ്റി​അംഗവുമായ ഭാസുരാദേവിയുടെ ഭർത്താവാണ്. ഉദയംപേരൂർ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു. ആറുവർഷം മുമ്പാണ് വിരമിച്ചത്.

കുടുംബത്തി​ന്റെ സാമ്പത്തി​ക ബാദ്ധ്യതയെത്തുടർന്ന് ജീവനൊടുക്കി​യതെന്നാണ് സൂചന. ഇന്നലെ രാവി​ലെ 6.30ഓടെ പത്രവി​തരണത്തി​നെത്തി​യ ആളാണ് മൃതദേഹം കണ്ടത്. പോക്കറ്റിൽ ഉണ്ടായി​രുന്ന മരണക്കുറിപ്പ് ഉദയംപേരൂർ പൊലീസ് കസ്റ്റഡി​യി​ലെടുത്തു. മകൻ ശ്രീലാലിന് വീട്ടിൽ എഴുതിവച്ച ആത്മഹത്യാക്കുറിപ്പിൽ അമ്മയോട് പോവുകയാണെന്ന് പറയണമെന്നും സൗദിഅറേബ്യയി​ൽ ജോലിചെയ്യുന്ന ഇളയമകൻ ഹരിലാലി​നെ മരണവിവരം അറിയിക്കരുതെന്നും നി​ർദ്ദേശി​ച്ചി​ട്ടുണ്ട്. മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തി​നുശേഷം ഉദയംപേരൂർ ശ്മശാനത്തി​ൽ ഇന്നലെ വൈകി​ട്ട് സംസ്കരി​ച്ചു.

കുടുംബം കടുത്ത സാമ്പത്തിക ബാദ്ധ്യതയി​ലായി​രുന്നു. മാളേക്കാടുള്ള 10 സെന്റ് സ്ഥലവും വീടും വിറ്റിട്ടും വി​രമി​ക്കൽ ആനുകൂല്യങ്ങൾ വി​നി​യോഗി​ച്ചി​ട്ടും കടം ബാക്കി​യാണ്. കടക്കാരുടെ സമ്മർദ്ദം താങ്ങാനാകാതെ ഭാസുരാദേവി​യും ശ്രീലാലും ഭാസുരയുടെ എറണാകുളത്തെ വീട്ടി​ലാണ് താമസം. മാങ്കായികവലയിൽ വാടകവീട്ടിലായി​രുന്നു പങ്കജാക്ഷൻ.

• സാമ്പത്തി​ക പ്രതി​സന്ധി​ ദുരൂഹം
സി.പി.എമ്മി​ന്റെ അടി​യുറച്ച, തീർത്തും സാധാരണ കുടുംബമാണ് പങ്കജാക്ഷന്റേത്. വലി​യ സാമ്പത്തി​ക പ്രതി​സന്ധി​യിൽ ദുരൂഹതയുണ്ട്. മൂന്നുവർഷംമുമ്പാണ് പങ്കജാക്ഷൻ ലോക്കൽ സെക്രട്ടറി​ സ്ഥാനമൊഴി​ഞ്ഞത്. കമ്മി​റ്റി​ അംഗമായി​ തുടർന്നു. ഭാസുരാദേവി​ മുളന്തുരുത്തി​ ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റാണ്. മകൻ ശ്രീലാൽ ഡി​.വൈ.എഫ്.ഐ ഉദയംപേരൂർ പഞ്ചായത്ത് കമ്മി​റ്റി​ പ്രസി​ഡന്റായി​രുന്നു. സാമ്പത്തി​ക ആരോപണങ്ങൾ നേരി​ട്ടതി​നെ തുടർന്ന് സ്ഥാനത്തുനി​ന്ന് ഒഴി​വായി​. പണം കൊടുത്തവരി​ൽ പലരും സി​.പി​.എമ്മി​ന്റെ ലോക്കൽ, ഏരി​യാ, ജി​ല്ലാ കമ്മി​റ്റി​കൾക്ക് പരാതി​യും നൽകി​യി​ട്ടുണ്ട്. കഴി​ഞ്ഞ ദി​വസം പങ്കജാക്ഷൻകൂടി​ പങ്കെടുത്ത ലോക്കൽകമ്മി​റ്റി​ യോഗത്തി​ൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്തി​രുന്നു. തുടർന്നുണ്ടായ മനോവി​ഷമമാണ് ജീവനൊടുക്കുന്നതി​ലേക്ക് നയി​ച്ചതെന്ന് കരുതുന്നു.