cpm
ആലുവ നഗരസഭ ഗ്രൗണ്ട് ടർഫാക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രാദേശികനേതാവിന് പരിക്കേറ്റ സംഭവത്തിൽ റിമാൻഡിലായിരുന്ന തോട്ടുമുഖം സ്വദേശി നെജീബിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ആലുവ സബ് ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ കായിക താരങ്ങളും സി.പി.എം പ്രവർത്തകരും ചേർന്ന് സ്വീകരിക്കുന്നു

ആലുവ: ആലുവ നഗരസഭാ ഗ്രൗണ്ട് ടർഫാക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രാദേശികനേതാവിന് പരിക്കേറ്റ സംഭവത്തിൽ റിമാൻഡിലായിരുന്ന യുവാവിന് ഒമ്പതാംദിവസം ആലുവ കോടതി ജാമ്യംനൽകി. കീഴ്മാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന നജീബിന്റെ ഭർത്താവ് തോട്ടുമുഖം സ്വദേശി നെജീബിനാണ് (45) ജാമ്യംലഭിച്ചത്. ഇന്നലെ വൈകിട്ട് ആലുവ സബ് ജയിലിൽനിന്ന് പുറത്തിറങ്ങിയ നെജീബിനെ കായികതാരങ്ങളും സി.പി.എം പ്രവർത്തകരും ചേർന്ന് മാലയിട്ട് സ്വീകരിച്ചു.

കഴിഞ്ഞ 13ന് ഗ്രൗണ്ട് ടർഫ് ആക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം നടന്ന വേദിയിലേക്കാണ് കായികതാരങ്ങളും സി.പി.എം പ്രവർത്തകരും പ്രതിഷേധമാർച്ച് നടത്തിയത്. ഉദ്ഘാടനചടങ്ങിനുശേഷം ഇരുവിഭാഗങ്ങളും തമ്മിലുമുണ്ടായ തർക്കത്തിനിടെ കുടിവെള്ള കുപ്പിയേറിൽ കോൺഗ്രസ് എടത്തല മണ്ഡലം ജനറൽ സെക്രട്ടറി രാജീവ് ഭാസ്കറിന്റെ മൂക്കിന് പൊട്ടലേറ്റെന്നായിരുന്നു പരാതി. തുടർന്ന് ആലുവ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ രാജീവ് സക്കറിയ, കെ.എ. രമേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.