കൊച്ചി: ലഹരി മാഫിയകളുടെ കെണികൾ വിദ്യാർത്ഥികൾ തിരിച്ചറിയാൻ ശ്രമിക്കണമെന്ന് അസി. എക്സൈസ് ഇൻസ്പെക്ടർ ആൻഡ് വിമുക്തി മെന്റർ കെ.എസ്. ഇബ്രാഹിം പറഞ്ഞു. കേരളകൗമുദിയും നേര്യമംഗലം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൗഹൃദവും പ്രണയവും തുടങ്ങി എല്ലാ മാർഗങ്ങളിലൂടെയും ലഹരിമാഫിയ വിദ്യാർത്ഥി സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. കൗമാരക്കാരെ കീഴ്പ്പെടുത്താനുള്ള എല്ലാ മാർഗങ്ങളും അവർക്കറിയാം. തെറ്റുകളിലേക്ക് വീഴാതിരിക്കാൻ നേരായ മാർഗം തിരഞ്ഞെടുക്കണം. പഠനത്തിൽ ശ്രദ്ധയൂന്നണം. നല്ല സൗഹൃദങ്ങളും കാത്തുസൂക്ഷിക്കണം. ഒരിക്കൽ ലഹരിക്കെണിയിൽ വീണുപോയാൽ കരകയറാൻ ബുദ്ധിമുട്ടാണ്. അതിൽനിന്ന് അകന്നുനിൽക്കുക മാത്രമാണ് രക്ഷാമാർഗമെന്നും അദ്ദേഹം പറഞ്ഞു.

കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു പടപ്പറമ്പത്ത് ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.എസ്. അജി, ഗ്രാമപഞ്ചായത്ത് അംഗം ജിൻസിയ ബിജു, അസി. എക്സൈസ് ഇൻസ്പെക്ടർ ആൻഡ് വിമുക്തി മെന്റർ കെ.എസ്. ഇബ്രാഹിം, പി.ടി.എ പ്രസിഡന്റ് എം.എൻ. ശ്രീനിവാസൻ, സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ, അസി. സർക്കുലേഷൻ മാനേജർ കെ.കെ. അജിത്കുമാർ, സർക്കുലേഷൻ എക്സിക്യൂട്ടീവുമാരായ ഹബക്കുക്ക്, നീരജ, കേരളകൗമുദി ഏജന്റ് പി.ആർ. സോമൻ തുടങ്ങിയവർ പങ്കെടുത്തു.