chellanam
മത്സ്യത്തൊഴിലാളികളെ കാണാതായത് അറിഞ്ഞ് ചെല്ലാനം മത്സ്യബന്ധന തുറമുഖത്ത് തടിച്ചു കൂടിയവർ

കൊച്ചി: ചെല്ലാനം തുറമുഖത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നത് തീരത്ത് ആശങ്ക പരത്തി. വൈകിട്ട് കോസ്റ്റ്ഗാർഡും മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ തുടരുന്നതിനിടെ തൊഴിലാളികൾ സുരക്ഷിതരാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

ഇന്നലെ പുലർച്ചെ 4ന് നീട്ടുവല വള്ളത്തിൽ പോയ ചെല്ലാനം ചാളക്കടവ് അമ്പലം ബസ്‌സ്റ്റോപ്പ് സ്വദേശികളായ ഫ്രാൻസിസ് പൊള്ളയിൽ (50), പ്രിൻസ് പൊള്ളയിൽ (42), ആന്റണി അരേശേരി (62), കുഞ്ഞുമോൻ അരിപ്പാട്ട് പറമ്പിൽ (54), സെബിൻ അറയ്ക്കൽ (40) എന്നിവരാണ് തിരിച്ചെത്താൻ വൈകിയത്. എട്ട് നോട്ടിക്കൽ മൈൽ ദൂരപരിധിയിൽ മത്സ്യബന്ധനം നടത്തുന്ന ഇവർ രാവിലെ എട്ടോടെ ചെല്ലാനം തുറമുഖത്ത് തിരിച്ചെത്തേണ്ടതായിരുന്നു.

വൈകുന്നേരമായിട്ടും കാണാതായതോടെ വിവരം മത്സ്യത്തൊഴിലാളി നേതാക്കളെ അറിയിച്ചു. തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടും മറൈൻ ആംബുലൻസും തെരച്ചിൽ തുടങ്ങി. കെ.ജെ. മാക്സി എം.എൽ.എ ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട കോസ്റ്റ്ഗാർഡിന്റെ സേവനം തേടി. പുറംകടലിൽ ഉണ്ടായിരുന്ന കോസ്റ്റ് ഗാർ‌ഡ് കപ്പൽ ആര്യമൻ തെരിച്ചിലിനായി ആലപ്പുഴ, എറണാകുളം തീരത്തേക്ക് തിരിച്ചു.

ഇതിനിടെ രാത്രി എഴരയോടെയാണ് വള്ളത്തിലുണ്ടായിരുന്നു പ്രിൻസ് പൊള്ളയിൽ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ദിശതെറ്റി നീങ്ങിയെന്നും എൻജിന്റെ പ്രവർത്തനം നിലച്ച വള്ളത്തെ മറ്റൊരു ബോട്ട് കെട്ടിവലിച്ച് തോപ്പുംപടി തുറമുഖത്തേക്ക് കൊണ്ടുവരുന്നതായും പ്രിൻസ് അറിയിച്ചു. അഞ്ച് തൊഴിലാളികളും സുരക്ഷിതരാണ്. ഇവർ രാത്രി വൈകി തീരത്തെത്തി.