
തിരുവനന്തപുരം: 2018 തിരുവനന്തപുരം സംസ്ഥാന കായികമേള. നടത്ത മത്സരത്തിനിടെ ചവിട്ടേറ്റ് ചേട്ടൻ റസലിന്റെ സ്‌പൈക്‌സ് ഊരിപ്പോയപ്പോൾ പൊട്ടിക്കരഞ്ഞ മുഹമ്മദ് സുൽത്താൻ അന്ന് മനസിൽ കുറിച്ചു; തിരുവനന്തപുരത്ത് തന്നെ നടത്തത്തിൽ മീറ്റ് റെക്കാഡോടെ സ്വർണം നേടണമെന്ന്. ഏഴ് വർഷങ്ങൾക്കിപ്പുറം ചേട്ടനായി ആ ആഗ്രഹം യാഥാർത്ഥ്യമാക്കിയ സന്തോഷത്തിൽ കരഞ്ഞുപോയി മലപ്പുറം കടകശേരി എഡിയൽ ഇ.എം എച്ച്.എസിലെ പ്ലസ് ടു വിദ്യാർത്ഥി. അതും ചേട്ടനിറങ്ങിയ സീനിയർ ആൺകുട്ടികളുടെ മത്സരത്തിലെന്നതും മുധരപ്രതികാരത്തിന്റെ മാറ്റുകൂട്ടുന്നു.
21 മിനിട്ട് 40.26 സെക്കൻഡിൽ നടന്നുകയറിയാണ് സുൽത്താൻ റെക്കാഡ് സ്വന്തം പേരിൽ എഴുതിച്ചേർത്തത്. 2016ൽ പാലക്കാട് പറളി എച്ച്.എസിന്റെ എ. അനീഷ് കുറിച്ച 21 മിനിട്ട് 50.30 സെക്കൻഡ് സമയം മായ്ച്ചു. കഴിഞ്ഞവർഷവും സുൽത്താനായിരുന്നു ഈ വിഭാഗത്തിൽ സ്വർണം. അന്ന് 23 മിനിട്ട് 36 സെക്കൻഡിലാണ് ഫിനീഷ് ചെയ്ത്. പിന്നീട് റെക്കാഡ് ലക്ഷ്യമിട്ടുള്ള തീവ്രപരിശീലനം തുടങ്ങി. ദേശീയ സ്‌കൂൾ മീറ്റിൽ വെള്ളിനേടിയപ്പോൾ ആത്മവിശ്വാസം ഇരട്ടിയായി.
'' ചേട്ടന്റെ കണ്ണീരുവീണ മണ്ണിൽ റെക്കാഡിടണമെന്ന് ആഗ്രഹിച്ചിരുന്നു. അതുറപ്പിച്ചാണ് എത്തിയത്. നേട്ടം ചേട്ടന് സമർപ്പിക്കുന്നു '' സുൽത്താൻ പറഞ്ഞു. മലപ്പുറം രാരിമംഗലം എസ്.എം.എം.എച്ചിനായാണ് റസൽ അന്ന് ഇറങ്ങിയത്. മെഡലിന് തൊട്ടരികിലാണ് ചവിട്ടേറ്റ് എല്ലാം തകിടംമറിഞ്ഞത്. പിന്നീട് നടത്തം എന്നന്നേക്കുമായി ഉപേക്ഷിച്ചു. സുത്താന്റെ ആദ്യ പരിശീലകനും റസലാണ്. 2023ൽ രാരിമംഗലം സ്‌കൂളിൽ പഠിക്കെയാണ് സുൽത്താന് ആദ്യ സംസ്ഥാന മീറ്റിന് ഇറങ്ങിയത്. അന്ന് നാലാമനായി മടങ്ങേണ്ടിവന്നു.
നിരാശനായ സുൽത്താനെ റസൽ കായികാദ്ധ്യാപകൻ കെ.കെ. സുജിത്ത് മുഖേനെ ഐഡിയലിൽ എത്തിച്ചു. പിന്നീട് മെഡലുകൾ ഒന്നൊന്നായി നേടി ട്രാക്കിൽ 'സുൽത്താനായി'. അനിയന്റെ നേട്ടത്തിൽ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. എനിക്കുവേണ്ടിയാണ് മെഡൽ നേടിയതെന്ന് കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. റസൽ പറഞ്ഞു. ദുബായിൽ അക്കൗണ്ട്‌സ് വിഭാഗത്തിൽ ജോലി ചെയ്യുകയാണ് റസൽ. എൽ.ഐ.സി ഏജന്റായ ലത്തീഫ് ഫാത്തിമ എന്നിവരാണ് മാതാപിതാക്കൾ.