
കൊച്ചി: കേരളത്തിലെ ദേവസ്വംബോർഡ് ക്ഷേത്രങ്ങളിലെ ശാന്തിക്കാരിലേക്ക് ആദ്യമായി പട്ടികവർഗക്കാരനായ ഒരാൾ എത്താൻ വഴിയൊരുങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം ശാന്തി തസ്തികയിലെ റാങ്ക്ലിസ്റ്റിൽ പട്ടികവർഗക്കാരനായ എസ്.എ. അർജുനും ഉൾപ്പെടുന്നു. മെയിൻലിസ്റ്റിൽ പട്ടികവർഗക്കാർ ആരുമില്ല. സപ്ളിമെന്ററി ലിസ്റ്റിൽ ഏകനാണ് അർജുൻ. സംവരണറൊട്ടേഷൻ അനുസരിച്ച് 44, 92 സ്ഥാനങ്ങൾ പട്ടികവർഗക്കാരുടേതാണ്. 125 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 450 പേരെയാണ് പറവൂർ രാകേഷ് തന്ത്രിയും ആലുവ തന്ത്രവിദ്യാപീഠത്തിലെ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയും ഉൾപ്പെട്ട ബോർഡ് ഇന്റർവ്യൂ ചെയ്തത്. 60 ശതമാനത്തിലേറെയും അബ്രാഹ്മണ ഉദ്യോഗാർത്ഥികളുമായിരുന്നു.
തന്ത്രി സമാജക്കാർ
പകുതിയും തോറ്റു
തിരുവിതാംകൂർ ദേവസ്വംബോർഡിലെ ശാന്തിനിയമനത്തിന് പാരമ്പര്യ ബ്രാഹ്മണതന്ത്രിമാരുടെ സർട്ടിഫിക്കറ്റുമായി എത്തിയ 27ബ്രാഹ്മണ ഉദ്യോഗാർത്ഥികളിൽ 13പേരും പൂജയുടെ ബാലപാഠംപോലും അറിയാത്തവർ. പ്രായോഗികപരീക്ഷയിലും ഇന്റർവ്യൂവിലും തോറ്റു.
പാർട്ട്ടൈം ശാന്തി തസ്തികയിലേക്ക് പാരമ്പര്യതന്ത്രിമാരുടെ സർട്ടിഫിക്കറ്റാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയും നിയമനപ്രക്രിയ ചോദ്യംചെയ്തും അഖിലകേരള തന്ത്രിസമാജം സമർപ്പിച്ച ഹർജിയിലെ ഇടക്കാല ഉത്തരവുപ്രകാരമാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (കെ.ഡി.ആർ.ബി) 27പേരെ എഴുത്തുപരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുപ്പിച്ചത്.ഇവരുടെ പരീക്ഷാഫലം ഉൾപ്പടെയുള്ള വിവരങ്ങൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
അംഗീകൃത തന്ത്രവിദ്യാലയങ്ങൾക്കല്ല, പാരമ്പര്യ തന്ത്രിമാർക്കാണ് സർട്ടിഫിക്കറ്റ് നൽകാനുള്ള യോഗ്യതയെന്നും ഇന്റർവ്യൂ നടത്താൻ കെ.ഡി.ആർ.ബിക്ക് അധികാരമില്ലെന്നുമായിരുന്നു ഹർജിയിലെ വാദം. 41 അംഗീകൃത തന്ത്രവിദ്യാപീഠങ്ങളിൽ ബഹുഭൂരിപക്ഷവും പിന്നാക്ക വിഭാഗക്കാരുടേതാണ്. തന്ത്രിസമാജത്തിന്റെ ഹർജിക്കാരനായ വേഴേപ്പറമ്പ് ഈശാനനൻ നമ്പൂതിരിപ്പാടാകട്ടെ ഈ തന്ത്രവിദ്യാലയങ്ങൾക്ക് അംഗീകാരം നൽകാനായി കെ.ഡി.ആർ.ബി പരിശോധനയ്ക്ക് നിയോഗിച്ച സമിതിയിലെ അംഗവുമായിരുന്നു.