karara-parambu

അങ്കമാലി: വേങ്ങൂർ എയർപോർട്ട് റോഡിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വാട്ടർ അതോറിട്ടിയുടെ പൈപ്പിടൽ ജോലികളും കാന നിർമ്മാണവും മൂലം നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വടക്കൻ ജില്ലകളിൽനിന്നുള്ള കവാടമാണിത്.
കവരപ്പറമ്പ് മുതൽ എയർപോർട്ട് വരെയുള്ള റോഡ് വികസനം ഏറെക്കാലമായി തടസപ്പെട്ടിരിക്കുകയാണ്. വീതി കുറവുള്ള റോഡിലാണ് ഒരു സുരക്ഷയുമില്ലാതെ നിർമ്മാണങ്ങൾ നടക്കുന്നത്. വീതി കുറഞ്ഞ വഴികളിലൂടെ വാഹനങ്ങൾ വരുമ്പോൾ വശത്തേക്ക് ഒതുക്കുന്ന ബൈക്കുകൾ കാനയിൽ അകപ്പെട്ട് അപകടം ഉണ്ടാകുന്നു.

വാഹനങ്ങളേറെ കടന്നു പോകുന്നു
വിമാനത്താവളത്തിൽനിന്ന് രാപകൽ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ വഴി കടന്നുപോകുന്നത്. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെയും മറ്റുമായി ആംബുലൻസുകളും ചീറിപ്പായുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ രണ്ട് ഇരുചക്ര വാഹനയാത്രക്കാർ ഡ്രെയിനേജിൽ വീണ് അപകടംപറ്റി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രിയിൽ പദ്ധതിപ്രദേശത്ത് വെളിച്ചക്കുറവും അപകടം വർദ്ധിക്കാൻ കാരണമാണ്.

സി.പി.എം. നേതൃത്വത്തിൽ പ്രതിഷേധം

പ്രാദേശികവാസികളെയോ നഗരസഭയെയോ അറിയിക്കാതെ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന ജോലികൾ നടത്തുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് സി.പി.എം. നേതൃത്വത്തിൽ പദ്ധതിപ്രദേശത്ത് ശ്രദ്ധക്ഷണിക്കൽ സമരം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി.എ. അനീഷ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ വിനീത ദിലീപ്, ജിജോ ഗർവാസിസ്, വി. ജോസ്, എ.ആർ. വിനു രാജ്, പി.ജെ. മനോഹരൻ തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത്, വാട്ടർ അതോറിട്ടി, ഇലക്ട്രിസിറ്റി, നഗരസഭാ അധികൃതരെയും കരാറുകാരനെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് ടി.വൈ. ഏലിയാസ് പറഞ്ഞു.