പെരുമ്പാവൂർ: സർക്കാർ നടത്തിയ നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതി നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിനായി പട്ടികജാതി വികസന വകുപ്പിന് പ്രത്യേകം തുക അനുവദിച്ചിട്ടില്ലെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ അറിയിച്ചു. ഡോ. അംബേദ്ക്കർ സാംസ്‌കാരിക വേദി പ്രസിഡന്റ് ശിവൻ കദളിക്ക് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
നവകേരള സദസിൽ ഉയർന്നുവന്ന പദ്ധതി നിർദ്ദേശങ്ങൾ നടപ്പാക്കാൻ തൊള്ളായിരം കോടിയലേറെ രൂപ അനുവദിച്ച സർക്കാർ പട്ടികജാതിക്കാരുടെ ക്ഷേമത്തിനായി ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല. പട്ടിക വിഭാഗങ്ങളുടെ അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങൾ ഉൾകൊള്ളുന്ന 26 നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഫലപ്രദമായ നടപടിയും സ്വീകരിച്ചില്ല. ഫെബ്രുവരി ആറിന് പട്ടികജാതി വികസന വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന പട്ടികജാതി സംഘടനാ നേതാക്കളുടെ യോഗത്തിൽ ഈ ആവശ്യം ഉന്നയിച്ച് നിവേദനം സമർപ്പിച്ചിട്ടും ഫലം ഉണ്ടായില്ല. ഇതൊക്കെ പട്ടികജാതിക്കാരെ നവകേരളത്തിന് പുറത്തു നിർത്തുന്ന സമീപനത്തിന്റെ ഭാഗമെന്നാണ് ആരോപണം.