കൊച്ചി: നാവികസേനാ ദിനാഘോഷത്തിന്റെ ഭാഗമായ അഭ്യാസപ്രകടനങ്ങൾ ഡിസംബർ നാലിന് വൈകിട്ട് അഞ്ചുമുതൽ തിരുവനന്തപുരം ശംഖുംമുഖം ബീച്ചിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യാതിഥിയായി ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചിട്ടില്ല.

നാവികസേനാ ആസ്ഥാനം സ്ഥിതിചെയ്യുന്ന നഗരങ്ങൾക്ക് പുറത്തും ദിനാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇക്കുറി ശംഖുംമുഖം തിരഞ്ഞെടുത്തതെന്ന് ദക്ഷിണ നാവികത്താവളത്തിലെ ഐ.എൻ.എസ് വെണ്ടുരുത്തി കമാൻഡിംഗ് ഓഫീസർ കമ്മഡോർ വി.ഇസഡ്. ജോബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുമ്പ് കൊച്ചിയിലാണ് നടത്തിയിരുന്നത്. വിശാലമായ ശംഖുംമുഖം ബീച്ചിൽ കൊച്ചിയിലേക്കാൾ വിപുലമായ നാവിക പ്രകടനങ്ങളുണ്ടാകും. കപ്പലുകളും വിമാനങ്ങളുമുൾപ്പെടെ അണിനിരക്കും. കൂടുതൽ കാഴ്ചക്കാരെയും പ്രതീക്ഷിക്കുന്നുണ്ട്. നാവികസേനാമേധാവി അഡ്മിറൽ ദിനേശ് കെ. തൃപാഠി ഉൾപ്പെടെ വിശിഷ്‌ടവ്യക്തികൾ പങ്കെടുക്കും.

ദിനാഘോഷത്തോടനുബന്ധിച്ചുള്ള മാരത്തൺ ഉൾപ്പെടെ മറ്റു പരിപാടികൾ കൊച്ചിയിൽ നടക്കും. ഒമ്പതാംക്ളാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് കപ്പൽ ഉൾപ്പെടെ നാവികസേനയുടെ സംവിധാനങ്ങൾ സന്ദർശിക്കാനും അവസരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

1971ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിൽ ഇന്ത്യൻ നാവികസേന കറാച്ചി തുറമുഖം കീഴടക്കിയതിന്റെ വീരസ്‌മരണയിലാണ് ഡിസംബർ നാലിന് നാവികസേനാദിനം ആഘോഷിക്കുന്നത്.