ആലുവ: ലൈഫ് ഭവന പദ്ധതിക്കായി ഭൂ,​ ഭവന രഹിതർക്ക് പഞ്ചായത്ത് നൽകുന്ന പണം ഉപയോഗിച്ച് 'നിലം" എന്ന് രേഖപ്പെടുത്തിയ മൂന്ന് സെന്റ് സ്ഥലം വാങ്ങാൻ അനുമതി നൽകാനാകുമോയെന്ന് സർക്കാർ പരിശോധിക്കും. കര ഭൂമി വാങ്ങാൻ പണം ലഭിക്കാത്തതിനാൽ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമി വാങ്ങാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കടുങ്ങല്ലൂർ സ്വദേശി ശ്രീകുമാർ മുല്ലേപ്പിള്ളി നൽകിയ നിവേദനമാണ് സർക്കാർ പരിഗണിക്കുന്നത്. നയപരമായ തീരുമാനം എടുക്കേണ്ടതിനാൽ നിവേദനം തുടർനടപടികൾക്കായി സർക്കാരിന്‌ സമർപ്പിച്ചതായി സ്വയംഭരണ വകുപ്പ് അഡീഷണൽ ഡയറക്ടർ എൽ.എസ്. ദീപ പരാതിക്കാരനെ രേഖാമൂലം അറിയിച്ചു.