കൊച്ചി: ജീവിതാനുഭവങ്ങളിൽ നിന്ന് പഠിച്ച് വളർന്നാൽ ഒരിക്കലും പരാജയപ്പെടില്ലെന്ന് ചിന്മയ മിഷൻ ആഗോള അധ്യക്ഷനും ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ചാൻസിലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി പറഞ്ഞു. ചിന്മയ വിശ്വവിദ്യാപീഠത്തിന്റെ ബിരുദ സമർപ്പണച്ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാക് ചെയർമാൻ പ്രൊഫ. അനിൽ ഡി.സഹസ്രബുദ്ധെ മുഖ്യാതിഥിയായി. ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ചെല്ലാറാം ഡയബറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഡോ. എ.ജി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. തന്റെ വിദ്യാഭ്യാസ കലാഘട്ടവും ഇൻഫോസിസിന്റെ തുടക്കവും ക്രിസ് ഗോപാലകൃഷ്ണൻ ഓർത്തെടുത്തു. ഉത്തരവാദിത്വവും, വിശ്വാസവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസും ചേരുമ്പോഴാണ് ഒരു വ്യക്തിയുടെ നേതൃപാടവം വ്യക്തമാകുന്നതെന്ന് ക്രിസ് ഗോപാലകൃഷ്ണൻ പറഞ്ഞു.
160 വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ മുഖ്യആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി ചൊല്ലിക്കൊടുത്ത തൈത്രിയോപനിഷത്തിലെ ശിക്ഷാവലി വിദ്യാർഥികൾ ഏറ്റുചൊല്ലി. ആക്ടിംഗ് വൈസ് ചാൻസിൽ പ്രൊഫ. ടി.അശോകൻ, സർവകലാശാല ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ബി.ഭവേഷ്, റജിസ്ട്രാർ ഇൻ ചാർജ് ഡോ.പി.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.