കൊച്ചി: 'ഹോളിഡേ ക്ലബ് മെമ്പർഷിപ്പ്' സേവനം നൽകാതിരിക്കുകയും അംഗത്വംറദ്ദാക്കി പണം തിരികെനൽകാൻ വിസമ്മതിക്കുകയും ചെയ്ത ടൂറിസം ഏജൻസി നഷ്ടപരിഹാരമടക്കം 2,15,000 രൂപ നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി. മരട് സ്വദേശി ജസ്റ്റീന ഫെർണാണ്ടസ്, പൂനെയിലെ ഡോവ്സ് വെക്കേഷൻ എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് ഉത്തരവ്.
2022 ഒക്ടോബറിൽ 1,89,999 രൂപ നൽകി ഉപഭോക്താവ് ഹോളിഡേ ക്ലബ് മെമ്പർഷിപ്പ് എടുത്തിരുന്നു. എന്നാൽ യാത്രയുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോൾ എതിർകക്ഷി 'പീക്ക് ടൈമിൽ റൂമുകൾ ലഭ്യമല്ല' എന്ന മറുപടിയാണ് ആവർത്തിച്ചത്. അടച്ച പണം തിരികെനൽകാനും തയ്യാറായില്ല. തുടർന്നാണ് ഹർജിക്കാരി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
സേവനം നൽകാത്ത സാഹചര്യത്തിൽ പണം തിരികെനൽകാൻ വിസമ്മതിക്കുന്നത് നിയമപരമല്ലെന്ന് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വ്യക്തമാക്കി.
മെമ്പർഷിപ്പ് തുകയും മാനസികബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരവുമടക്കം 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകാൻ എതിർകക്ഷിയോട് നിർദ്ദേശിക്കുകയും ചെയ്തു.