മൂവാറ്റുപുഴ: അഞ്ചു വർഷക്കാലത്തെ വികസന നേട്ടങ്ങൾ അവതരിപ്പിച്ച് മൂവാറ്റുപുഴ നഗരസഭയിൽ വികസന സദസ് നടന്നു. മൂവാറ്റുപുഴ നഗരസഭാ അങ്കണത്തിൽ നടന്ന സദസ് മുൻ നഗരസഭാ ചെയർമാൻ യു.ആർ. ബാബു ഉദ്ഘാടനം ചെയ്തു. കില ഫാക്കൽട്ടി എ.ടി. രാജീവ് സംസ്ഥാനത്തെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. മൂവാറ്റുപുഴ മുൻസിപ്പൽ സെക്രട്ടറി എച്ച്. സിമി തദ്ദേശതല വികസന റിപ്പോർട്ട് അവതരിപ്പിച്ചു.
അതിദാരിദ്ര്യ നിർമാർജ്ജനം, ലൈഫ് ഭവന പദ്ധതി, മാലിന്യ നിർമ്മാർജ്ജനം, പാലിയേറ്റീവ് കെയർ തുടങ്ങി മേഖലകളിലാണ് മൂവാറ്റുപുഴ നഗരസഭ മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ചത്. നഗരസഭയെ അതിദാരിദ്ര്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു. 47 വീടുകൾ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചു. നഗരസഭയുടെയും ജനറൽ ആശുപത്രിയുടെയും നേതൃത്വത്തിൽ വീടുകളിൽ എത്തി പാലിയേറ്റീവ് സേവനങ്ങൾ നൽകുന്നു.
ഓപ്പൺ ജിം , ജനറൽ ആശുപത്രിയിൽ 360° മെറ്റാബോളിക് സെന്റർ, അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, 30 ലക്ഷം രൂപ ചെലവാക്കി ഒരുക്കിയ ബഡ്സ് സ്കൂൾ, എ.കെ.ജി നഗർ കുടിവെള്ള പദ്ധതി, 34,07ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച ആമ്പറ്റക്കുളം തുടങ്ങിയ നേട്ടങ്ങളും നഗരസഭയ്ക്ക് സ്വന്തമാണ്.
നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ മീരാ കൃഷ്ണൻ അദ്ധ്യക്ഷയായി. നഗരസഭാ അംഗങ്ങളായ ആർ. രാകേഷ്, കെ.ജി അനിൽകുമാർ, നിസ അഷ്റഫ്, ജാഫർ സാദിഖ്, നജില ഷാജി, മുൻ നഗരസഭ ചെയർപേഴ്സൺ ഉഷാ ശശിധരൻ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു.