ആലുവ: ആലുവ നഗരസഭാ കാര്യാലയത്തിൽ സ്പോൺസർഷിപ്പിലൂടെ ലിഫ്റ്റ് സ്ഥാപിച്ചതിൽ അഴിമതിയെന്ന് ആരോപണവുമായി ബി.ജെ.പി രംഗത്ത്. 14 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ ശതാബ്ദി ആഘോഷ കമ്മിറ്റിയാണ് ലിഫ്റ്റ് സ്പോൺസർ ചെയ്തതെന്നാണ് നഗരസഭയുടെ വാദം. എന്നാൽ ശതാബ്ദി ആഘോഷകമ്മിറ്റിയുടെ മിനിട്സിൽ ഇത്തരത്തിൽ ഒരു തീരുമാനവും ഇല്ലെന്ന് ബി.ജെ.പി ആരോപിക്കുന്നു.
മാത്രമല്ല ലിഫ്റ്റ് സ്ഥാപിക്കുന്നതിന് കൗൺസിലിൽ നിന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി അനുമതി നേടിയിട്ടില്ലെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകളും കണക്കുകളും നഗരസഭയിൽ ഇല്ല. നഗരസഭയിൽ നിർമ്മാണ പ്രവൃത്തി നടക്കുമ്പോൾ പാലിക്കേണ്ട നടപടി ക്രമങ്ങളെല്ലാം ലംഘിച്ച് ഇടപാടുകൾ നടത്തിയത് അഴിമതിക്കാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തുന്നു.
പൊതുജനങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശതാബ്ദി ആഘോഷ കമ്മിറ്റി സംഭാവന സ്വീകരിച്ചത് നഗരസഭയുടെ പേരിലാണ്. നഗരസഭയുടെ പാൻ നമ്പർ ഉപയോഗിച്ചുള്ള അക്കൗണ്ടിലൂടെയാണ് വലിയ തുകകൾ സ്വീകരിച്ചത്. കേരള മുനിസിപ്പൽ ആക്ട് സെക്ഷൻ 283 (എഫ്) പ്രകാരം ഇത്തരം തുകകൾ മുനിസിപ്പൽ ഫണ്ടാണ്. കൗൺസിൽ അനുമതിയില്ലാതെ സ്പോൺസർഷിപ്പ് എന്ന വ്യാജേന മുനിസിപ്പൽ ഫണ്ട് സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യുകയെന്ന ഗുരുതരമായ നിയമലംഘനവുമാണ് നടന്നത്.
ലിഫ്റ്റ് സ്ഥാപിക്കാൻ കരാറുകളോ ടെൻഡർ നടപടികളോ സ്വീകരിച്ചിട്ടില്ല. സ്ഥാപിച്ച ലിഫ്റ്റ് ആസ്തി രജിസ്റ്ററിലുമില്ല.
ഏകദേശം നാല് ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുള്ളത്. സ്പോൺസർഷിപ്പ്, സി.എസ്.ആർ ഫണ്ട് തുടങ്ങിയ രൂപത്തിൽ നടത്തിയ അഴിമതികളുടെ കൂട്ടത്തിലുള്ള മറ്റൊന്നാണ് ലിഫ്റ്റ് അഴിമതി. അഴിമതിയിൽ മുങ്ങികുളിച്ച് നിൽക്കുന്ന ചെയർമാൻ എം.ഒ. ജോണും ഭരണസമിതിയും രാജിവയ്ക്കണം
എൻ. ശ്രീകാന്ത്,
(ബി.ജെ.പി മുനിസിപ്പൽ
പാർലമെന്ററി പാർട്ടി നേതാവ്)
ആർ. പത്മകുമാർ
(മുനിസിപ്പൽ പ്രസിഡന്റ്)