കൊച്ചി: കുറ്റകൃത്യങ്ങളിൽപ്പെട്ട കുട്ടികളെ പുനരധിവസിപ്പിക്കുന്ന കാക്കനാട്ടെ സർക്കാർ ഒബ്‌സർവേഷൻ ഹോമിന് രണ്ട് ഇൻവെർട്ടറുകൾ സൗജന്യമായി നൽകി ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേട്ട്
ജി. പത്മകുമാർ മാതൃകയായി. ആമറോൺ സോളാർസിസ്റ്റം റീജണൽ മാനേജർ ജി. അജിത്ത് സ്‌പോൺസർ ചെയ്ത ഫണ്ടുപയോഗിച്ചാണ് ഇൻവെർട്ടറുകൾ കൈമാറിയത്.
പത്മകുമാറിന്റെ നേതൃത്വത്തിൽ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നതെന്ന് വിശിഷ്ടാതിഥിയായ സബ് ജഡ്ജും ജില്ലാ നിയമസേവനാ അതോറിട്ടി സെക്രട്ടറിയുമായ ആർ.ആർ. രജിത പറഞ്ഞു. ഒബ്‌സർവേഷൻ ഹോമിൽ നടത്തിയ പ്രവർത്തനങ്ങളും മാമലക്കണ്ടം ആദിവാസി കോളനി കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനങ്ങളും അഭിനന്ദനാർഹമാണ്. കുറ്റകൃത്യത്തിന്റെ പേരിൽ സമൂഹത്തിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് മുന്നോട്ടുവരാൻ ബോർഡിന്റെ തുടർപ്രവർത്തനങ്ങൾ സഹായകമാകുമെന്നും രജിത പറഞ്ഞു.
യോഗത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ അഡ്വ. ഉല്ലാസ് മധു, ജിൻസിമോൾ കുര്യൻ, ഒബ്‌സർവഷൻ ഹോം സൂപ്രണ്ട് പി.എസ്. സിനി, ജില്ലാ ശിശുസംരക്ഷണ ഓഫീസ് ലീഗൽ കം പ്രൊബേഷൻ ഓഫീസർ കിരൺ വി. കുമാർ, കാവൽ ബ്ലൂ പോയിന്റ് ഓർഗ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ റിൻസൺ, ജീവിത നൈപുണ്യ വികസന പരിശീലകയും ഫാമിലി കൗൺസിലറുമായ സീമ എന്നിവർ സംസാരിച്ചു.