മൂവാറ്റുപുഴ: വയോധികന്റെ മൃതദേഹം മൂവാറ്റുപുഴയാറ്റിലെ കുറ്റിയാനിക്കൽ കടവിൽ കണ്ടെത്തി. ആനിക്കാട് ആരക്കാപ്പറമ്പിൽ അപ്പുവിനെയാണ് (ചാലക്കുടിച്ചേട്ടൻ 78) ശനിയാഴ്ച രാവിലെ പത്തോടെ മൂവാറ്റുപുഴ ജനതാ റോഡിലുള്ള കുറ്റിയാനിക്കൽ കടവിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച മുതലാണ് അപ്പുവിനെ വീട്ടിൽനിന്ന് കാണാതായത്. പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അപ്പുവിന്റെ ചെരിപ്പും കുടയും കടവിൽനിന്ന് കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴ ഫയർഫോഴ്സ് മൃതദേഹം കരയ്ക്കെത്തിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: സുലോചന. മക്കൾ: സിന്ധു, സന്ധ്യ, സന്ദീപ്. മരുമക്കൾ: തമ്പാൻ, രമേശ്, രാജി.