1

പള്ളുരുത്തി: പോളപ്പായൽ നിറഞ്ഞതോടെ പശ്ചിമകൊച്ചി പ്രദേശങ്ങളിൽ പണിയെടുക്കുന്ന ചീനവല, പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി. പെരുമ്പടപ്പ്, കുമ്പളം, കുമ്പളങ്ങി, തോപ്പുംപടി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കാണ് നാശം വിതച്ചിരിക്കുന്നത്.
ചീനവല താഴ്ത്താൻ കഴിയാത്ത സ്ഥിതിയാണ്. തക്ക സമയമായ രാത്രിയിലും പുലർച്ചെയുമാണ് ഇവർ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നത്. അതുപോലെ, വഞ്ചിയിൽ ജോലിയെടുക്കുന്ന പരമ്പരാഗത തൊഴിലാളികളുടെയും അന്നം മുട്ടിയിരിക്കുകയാണ്. നീട്ടുവല തൊഴിലാളികളും ഇതിനോടകം മറ്റു തൊഴിൽ മേഖലകളിലേക്ക് ചേക്കേറിയിരിക്കുകയാണ്.
പോളപ്പായൽ വ്യാപനം
കോട്ടയം, തണ്ണീർമുക്കം ബണ്ടുകളിൽനിന്നാണ് വൻതോതിൽ പോളപ്പായൽ കൊച്ചിയിലേക്ക് എത്തുന്നത്.
കായൽ വഴി ഇത് കടലിലേക്ക് എത്തുന്ന സ്ഥിതിയാണ്.
ഫോർട്ട് കൊച്ചി കമാലക്കടവിലെ ചീനവല തൊഴിലാളികളും പായൽ ഭീതി മൂലം ജോലി നിറുത്തിവച്ചിരിക്കുകയാണ്.
രണ്ടുമാസക്കാലത്തോളം ഇതിന്റെ ശല്യം നീണ്ടുനിൽക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

മറ്റ് തൊഴിലുകളിലേക്ക്
പഷ്ണിത്തോട് പാലത്തിനു താഴെക്കൂടി കടന്നുപോകുന്ന കായലിലും പായൽ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. പായൽ ശല്യം മൂലം കഴിഞ്ഞ ഒരു മാസമായി മത്സ്യബന്ധനം ഒഴിവാക്കി കെട്ടിട നിർമ്മാണ മേഖലകളിലേക്ക് തൊഴിലെടുക്കാൻ പോകുന്നതായി പള്ളുരുത്തി സ്വദേശിയായ ജെയ്‌സൺ എന്ന മത്സ്യത്തൊഴിലാളി പറയുന്നു. പെരുമ്പടപ്പ് കോണം കുമ്പളങ്ങി കായലുകളിൽ കൂടുതലും ചെല്ലാനം കണ്ണമാലി മേഖലയിലുള്ള മത്സ്യത്തൊഴിലാളികളാണ് തൊഴിലെടുക്കുന്നത്. പലരും ചെല്ലാനം, തോപ്പുംപടി ഹാർബറുകളിൽ വള്ളങ്ങളിൽ ജോലി തേടി എത്തിയിരിക്കുകയാണ്.

അധികാരികൾ പായൽ ശല്യം ഒഴിവാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന്
കെ.കെ. റോഷൻ കുമാർ
മത്സ്യത്തൊഴിലാളി