fr-kattiparambil
ഫാ. ആന്റണി കാട്ടിപ്പറമ്പിൽ

കൊച്ചി: കൊച്ചി രൂപത മെത്രാനായി ഫാ. ആന്റണി കാട്ടിപ്പറമ്പിലിനെ നിയമിച്ചു. രൂപതയുടെ ജുഡിഷ്യൽ വികാരിയായി സേവനം ചെയ്തുവരുന്നതിനിടെയാണ് 55കാരനായ ഫാ. കാട്ടിപ്പറമ്പിലിന്റെ പുതിയ നിയമനം.
ഫോർട്ടുകൊച്ചിയിലെ ബിഷപ്പ്സ് ഹൗസിൽ നടന്ന ചടങ്ങിൽ രൂപത അഡ്മിനിസ്ട്രേറ്ററും ആലപ്പുഴ ബിഷപ്പുമായ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ നിയമനപ്രഖ്യാപനം നടത്തി. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും മുൻ രൂപതാദ്ധ്യക്ഷൻ ഡോ. ജോസഫ് കരിയിലും നിയുക്തമെത്രാനെ സ്ഥാനചിഹ്നങ്ങൾ അണിയിച്ചു.

കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ഫാ. ഷൈജു പര്യാത്തുശേരി, ചാൻസലർ ഫാ. ജോണി സേവ്യർ പുതുക്കാട്ട് എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു.

മുണ്ടംവേലി സെന്റ് ലൂയിസ് ഇടവകാംഗമാണ് അദ്ദേഹം. പരേതരായ ജേക്കബിന്റെയും ട്രീസയുടെയും ഏഴുമക്കളിൽ ഇളയമകനാണ്. 1998 ആഗസ്റ്റ് 15ന് പൗരോഹിത്യം സ്വീകരിച്ചു. രൂപതയിലെ വിവിധ ഇടവകകളിലും സ്ഥാപനങ്ങളിലും സേവനം ചെയ്തതിനുപുറമേ, ഇറ്റലിയിലും പ്രവർത്തിച്ചു.