പള്ളുരുത്തി: വലിയ വൃക്ഷത്തിന് മുകളിൽ 75 അടി ഉയരത്തിൽ കുടുങ്ങിയ കാക്കയെ രക്ഷിക്കാൻ ബാംഗ്ളൂരിൽ നിന്ന് വിമാനത്തിൽ പറന്നെത്തി മുകേഷ് ജൈൻ. പള്ളുരുത്തി വെളിയിൽ സംസ്ഥാന പാതയോട് ചേർന്നുള്ള വൃക്ഷത്തിലാണ് 2 ദിവസമായി പട്ടത്തിന്റെ നൂലിൽ കാക്ക കുടുങ്ങിക്കിടന്നത്. പള്ളുരുത്തി കച്ചേരിപ്പടി സ്വദേശികളായ മുഹമ്മദ് മൂസ ചെപ്പൂസ്, പി. മുഹമ്മദാലി എന്നിവർ പറവ സ്നേഹിയായ മട്ടാഞ്ചേരി സ്വദേശി മുകേഷ് ജൈനെ വിവരം അറിയിക്കുകയായിരുന്നു. ഈ സമയം മുകേഷ് ബാംഗ്ളൂരിലായിരുന്ന മുകേഷ് ഉടൻ വിമാനം ബുക്ക് ചെയ്ത് കൊച്ചിയിലെത്തി വീട്ടിൽ നിന്ന് ഉപകരണങ്ങളെടുത്ത് കാക്കയെ രക്ഷിക്കുകയായിരുന്നു. പൊലീസും ട്രാഫിക് പൊലീസും സംസ്ഥാന പാതയിലെ ഗതാഗതം നിയന്ത്രിച്ചു. വൈദ്യുതി ഓഫാക്കി കെ.എസ്.ഇ.ബിയും കൈകോർത്തു. മുകേഷിന്റെ സഹപ്രവർത്തകരായ വിപിൻ പട്ടേൽ ,ലോറൻസ് എന്നിവരും സഹായിച്ചു. ഇതിനു മുൻപും പല തവണ മുകേഷ് ജൈൻ പറവകളെ രക്ഷിച്ചിട്ടുണ്ട് .