കൊച്ചി: മാതാവിന്റെ ചികിത്സയ്ക്കായി കൊച്ചിയിൽ തങ്ങുകയായിരുന്ന യു.എ.ഇ യുവതി ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചു. എമിറേറ്റ്സിലെ അൽ ഐയിൻ സ്വദേശി ഘദാ മുഹമ്മദ് സൈഫ് സലേം അൽ നുവൈമിയാണ് (38)മരിച്ചത്. യു.എ.ഇ രാജവംശമായ അൽ നുനൈമിയിലെ അംഗമാണ് യുവതി.
ഒക്ടോബർ ഒന്നിനാണ് യുവതിയും സഹോദരങ്ങളും 80 വയസുള്ള മാതാവിനൊപ്പം കൊച്ചിയിലെത്തിയത്. എറണാകുളം എരൂരിലെ ആയുർവേദ ആശുപത്രിയിലാണ് മാതാവിനെ ചികിത്സിക്കുന്നത്. ആശുപത്രിവളപ്പിലെ വില്ലയിലായിരുന്നു താമസം. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുഴഞ്ഞുവീണത്. ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർ സി.പി.ആർ നൽകിയശേഷം ഉടൻ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 2.30ന് മരിച്ചു. ഗർഭാശയ അർബുദവുമായി ബന്ധപ്പെട്ട് യുവതി അമേരിക്കയിൽ ചികിത്സയിലായിരുന്നതായി സഹോദരങ്ങൾ പറഞ്ഞു.
കഴിഞ്ഞദിവസം വയറിന് അസ്വസ്ഥത അനുഭവപ്പെട്ട് മരുന്ന് കഴിച്ചിരുന്നു. മരണവിവരമറിഞ്ഞ് യു.എ.ഇ തിരുവനന്തപുരം കോൺസുലേറ്റിൽനിന്ന് ഉദ്യോഗസ്ഥൻ കൊച്ചിയിലെത്തി. മരട് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചതെങ്കിലും കുഴഞ്ഞുവീണത് എരൂരിലായതിനാൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസാണ് തുടർനടപടി സ്വീകരിക്കുന്നത്. ഇന്നലെ രാത്രി ഒൻപതോടെ സഹോദരന്റെ മൊഴിയെടുത്ത് പ്രഥമവിവര റിപ്പോർട്ട് തയ്യാറാക്കി. മൃതദേഹം എംബാം ചെയ്യാനുള്ള സൗകര്യം കണക്കിലെടുത്ത് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.