വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിന് പ്രത്യേകമായി കോസ്റ്റ് ഇൻഡക്‌സ് ആറ് ശതമാനം വർദ്ധിപ്പിക്കുമെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. അറിയിച്ചു. ഗതാഗത സൗകര്യം കുറവായ മേഖലയായതിനാൽ തലച്ചുമട്, ജങ്കാർ, ചങ്ങാടം സൗകര്യങ്ങൾ ആശ്രയിച്ച് മാത്രമേ ജോലി ചെയ്യാനാകൂ. അതിനാൽ എസ്റ്റിമേറ്റ് വരുമാനത്തിൽ വർദ്ധന അനിവാര്യമാണെന്ന് വിവിധ വകുപ്പുകളിലെ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർമാർ റിപ്പോർട്ട് ചെയ്തതായി പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ച സാഹചര്യത്തിലാണ് നിരക്ക് വർദ്ധന. നേരത്തെ സർക്കാർ ഉത്തരവ് പ്രകാരം കരിങ്കല്ല്, മെറ്റൽ, മണൽ തുടങ്ങിയ നിർമ്മാണ സാമഗ്രികൾക്ക് പ്രദേശത്ത് പ്രത്യേക നിരക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഡി.എസ്.ആർ. നിരക്ക് വർദ്ധന വന്നതിനാൽ അത് ലഭ്യമായില്ല.
നിർമ്മാണച്ചെലവ് കൂടാൻ കാരണം
മണ്ഡലത്തിലെ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ, എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി എന്നിവയെല്ലാം തീരദേശ പഞ്ചായത്തുകളാണ്.
പ്രധാന നിർമ്മാണ സാമഗ്രികളായ കരിങ്കല്ല്, മെറ്റൽ, മണൽ, സോളിഡ് ബ്ലോക്ക്, പേവർ ടൈൽസ്, കോൺക്രീറ്റ്, ജി.എസ്.ബി. മുതലായവ പ്രധാനമായും അങ്കമാലിയിൽനിന്നാണ് എത്തുന്നത്. അങ്കമാലിയിൽനിന്ന് ഇവിടേക്ക് ശരാശരി 40 കിലോമീറ്റർ ദൂരമുണ്ട്. വേലിയേറ്റ വേലിയിറക്കങ്ങളും വീതി കുറഞ്ഞ റോഡും കടൽവെള്ളം സ്ഥിരമായി കയറുന്നതും കാരണം ചരക്ക് ഗതാഗത ഇനത്തിൽ തുക കൂടുതൽ ചെലവാക്കേണ്ടി വരും. ആലുവ മേഖലയിലെ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനമാണ് കൂടുതലായി വരുന്നത്. എന്നാൽ സർക്കാർ നിരക്ക് എല്ലായിടത്തും ഒരേപോലെയാണ്.