തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ, മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാണിയൂർ മേഖലകളിൽ ചിക്കൻപോക്സ് പടരുന്നു. സ്വകാര്യ സ്ഥാപനങ്ങളിൽ ട്രെയിനികളായി ജോലി നോക്കുന്ന യുവതി യുവാക്കളിലാണ് രോഗം പടർന്നു പിടിക്കുന്നത്. ദൂരദേശങ്ങളിൽ നിന്നും ഹോസ്റ്റലുകളിൽ താമസിച്ചു ജോലിചെയ്യുന്ന പലരും രോഗം ബാധിച്ചതോടെ സ്വന്തം വീടുകളിലേക്ക് മടങ്ങുകയാണ്. ഇതിനാൽ രോഗം വ്യാപിക്കുന്ന വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
വേനൽക്കാലത്താണ് ചിക്കൻപോക്സ് വ്യാപനം സാധാരണ ഉണ്ടാകാറുള്ളത്. എന്നാൽ നിലവിൽ മഴ ശക്തമായി നിൽക്കുന്ന സമയത്താണ് രോഗവ്യാപനം. അന്തരീക്ഷത്തിൽ പടരുന്ന കീടാണുക്കളിൽ നിന്ന് പകരുന്ന അസുഖമാണ് ചിക്കൻപോക്സ്. ശരീരത്തിൽ കുമിളകളായാണ് ചിക്കൻപോക്സ് വരുന്നത്. ആദ്യം ചെറിയ കുരുവായും പിന്നീട് അതൊരുതരം ദ്രാവകം നിറഞ്ഞ കുമിളകളായും മാറുന്നു.
ശരീരത്തിൽ അസാധാരണമായി ചെറിയ കുരുക്കൾ പൊന്തുകയും അതിനൊപ്പം ശരീര താപനിലയിൽ വ്യത്യാസമുണ്ടാക്കുകയും ചെയ്താൽ ഉടൻ ചികിത്സ തുടങ്ങണം. തുടക്കത്തിൽ മുഖത്തും പുറത്തും നെഞ്ചിലും ആയിരിക്കും കുമിളകൾ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അത് ശരീരമാസകലം ബാധിക്കുകയും. വായിലെയും ജനനേന്ദ്രിയങ്ങളിലെ ശ്ലേഷ്മ സ്തരങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെട്ടേക്കാം.
പനിക്കൊപ്പം ഛർദ്ദി, തലവേദന, ശരീര വേദന, തലകറക്കം, ക്ഷീണം, വിശപ്പില്ലായ്മ, ചൊറിച്ചിൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 10 മുതൽ 20 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കാണിക്കും. വാരി സൊല്ലാ സോസ്റ്റർ എന്ന വൈറസാണ് രോഗകാരണം.
മുൻകരുതലുകൾ
ദിവസവും കുളിക്കുക, ശരീരത്തിൽ ഉണ്ടാകുന്ന കുമിളകൾ, തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്.
രോഗം തിരിച്ചറിഞ്ഞാൽ ആദ്യദിനം മുതൽ കൃത്യമായ വിശ്രമം സ്വീകരിക്കണം.
എളുപ്പത്തിൽ പടരുന്ന രോഗമായതുകൊണ്ട് കുട്ടികൾ, ഗർഭിണികൾ, വൃദ്ധർ എന്നിവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
കോട്ടൻ വസ്ത്രങ്ങൾ ധരിക്കുക,എണ്ണ, എരിവ് പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. കുളിക്കുന്ന വെള്ളത്തിൽ ആര്യവേപ്പില ഇട്ട് തിളപ്പിക്കുക.
ചിക്കൻപോക്സ് പടരുന്നത്
ശരീരത്തിലെ കുമിളകളിൽ നിന്നുള്ള ദ്രാവകങ്ങളിൽ നിന്നും അണുബാധയുള്ളവർ ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്. ശരീരത്തിൽ കുമിളകൾ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് തൊട്ട് 58 ദിവസം വരെ അണുക്കൾ പകരാനുള്ള സാദ്ധ്യതയുണ്ട്.
പ്രതിരോധ മരുന്ന് കഴിക്കുന്നതിന് പുറമെ, പഴകിയ ഭക്ഷണവും ഫ്രിഡ്ജിൽ വച്ചശേഷം ചൂടാക്കിയ ഭക്ഷണവും, ബേക്കറി പലഹാരങ്ങളും ഉപേക്ഷിക്കുക. നാരുകൾ ഉള്ള ഭക്ഷണവും ഇലക്കറികളും കഴിക്കുക. ഇതിലൂടെ രോഗത്തിനെ പ്രതിരോധിക്കാൻ സാധിക്കും.
ജെ. രാധിക
ഹോമിയോ ഡോക്ടർ