കൊച്ചി: പൗരബോധമില്ലാത്തവരുടെ തറവേലയ്ക്ക് കൊച്ചി കോർപ്പറേഷന്റെ സൈക്കോളജിക്കൽ മറുപടി. മാലിന്യം വലിച്ചെറിയുന്ന കണ്ണായ സ്ഥലങ്ങളിലെല്ലാം 'ഐ ലവ് കൊച്ചി' കോർണർ സ്ഥാപിക്കുകയാണ് നഗരസഭ. അങ്ങനെയെങ്കിലും നഗരം നാറ്റിക്കുന്നവരുടെ കണ്ണ് തുറക്കട്ടെയെന്നാണ് ആലോചന.
'ഐ ലവ് കൊച്ചി' എൽ.ഇ.ഡി ബോർഡുകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടിയത്. കൗൺസിലർ എം.ജി. അരിസ്റ്റോട്ടിലിന്റെ വാർഡിലെ പി.പി കനാലിനുസമീപമായിരുന്നു നഗരത്തിൽ ആദ്യമായി ഈ ഉദ്ദേശത്തോടെ ഐലവ് കൊച്ചിബോർഡ് സ്ഥാപിച്ചത്. മാലിന്യക്കൂമ്പാരംനിറഞ്ഞ സ്ഥലം ഏറെ പണിപ്പെട്ട് വൃത്തിയാക്കിയെടുക്കുകയായിരുന്നു. പിന്നീടത് എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിച്ചു. 50,000 മുതൽ ഒരുലക്ഷംരൂപവരെയാണ് ഇത്തരം ബോർഡുകൾക്ക് ചെലവ്. സ്‌പോൺസറെ കണ്ടെത്തി സ്ഥലം ശുചീകരിച്ച് ബോർഡ് സ്ഥാപിക്കുകയാണ് നടപടി.
നഗരസഭ ഇത്തരമൊരു ഉദ്യമം തുടങ്ങിയതിനുപിന്നാലെ സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും കൂട്ടായ്മകളുമെല്ലാം വിവിധയിടങ്ങളിൽ ഇത്തരത്തിൽ സ്ഥലങ്ങൾ കണ്ടെത്തി ഇവിടങ്ങളിലെല്ലാം സമാനമായ ബോർഡുകൾ സ്ഥാപിക്കാൻ തുടങ്ങി. നഗരത്തിലെമ്പാടും മുപ്പതിലേറെ കേന്ദ്രങ്ങളിലാണ് ഇത്തരത്തിൽ ചെറുതും വലുതുമായി ബോർഡുകൾ ഇടംപിടിച്ചത്. കഴിഞ്ഞദിവസം നഗരത്തിലെ രണ്ടിടത്താണ് ഐ ലവ് കൊച്ചി ബോർഡുകൾ ഉദ്ഘാടനം ചെയ്തത്, പുന്നയ്ക്കൽ ജംഗ്ഷനിലും എറണാകുളം നോർത്തിലും.
ലക്ഷ്യം നഗരശുചിത്വം
കൊച്ചി നഗരത്തിലെത്തുന്നവർക്കും നഗരവാസികൾക്കുമെല്ലാം നഗരത്തോട് ഇഷ്ടം തോന്നുക, നഗരത്തെ ഹൃദയത്തിൽ ചേർത്തുനിറുത്തുക എന്ന ഉദ്യമത്തിന്റ ഭാഗമായാണ് ഈ പദ്ധതി. പല സ്ഥലങ്ങളിലെയും മാലിന്യനിക്ഷേപത്തിന് തടയിടാനും കഴിയുന്നുണ്ട്.
അഡ്വ.എം. അനിൽകുമാർ,
മേയർ