1
പെരുമ്പടപ്പ് എം.എ. മാത്യു റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ

തോപ്പുംപടി: പശ്ചിമ കൊച്ചിയിലെ ഇടറോഡുകൾക്ക് ഇനിയും ശാപമോക്ഷമായില്ല. പകൽ സമയം മഴ മാറിനിന്നിട്ടും ആകെ തകർന്നു കിടക്കുന്ന ഇടറോഡുകളിൽ അറ്റകുറ്റപ്പണി നടത്താൻ ഇതുവരെയും അധികൃതർ ഒരു നടപടിയും എടുത്തിട്ടില്ല. പെരുമ്പടപ്പ് എം.എ. മാത്യു റോഡ്, ഫാറ്റിമ്മ ആശുപത്രി റോഡ്, കുമ്പളങ്ങി കല്ലഞ്ചേരി റോഡ്, അഴിക്കകം റോഡ് തുടങ്ങി പശ്ചിമ കൊച്ചിയിലെ പല റോഡുകളും തകർന്ന് കിടക്കുകയാണ്. നൂറ് കണക്കിന് വിദേശികളും വിവാഹ ആവശ്യങ്ങൾക്ക് വരുന്നുവരും ഹോം സ്റ്റേകളിലേക്ക് പോകുന്നത് കല്ലഞ്ചേരി റോഡ് മാർഗമാണ്. പത്തോളം ഹോം സ്റ്റേകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ആംബുലൻസ് ഉൾപ്പടെ നിരവധി വാഹനങ്ങളാണ് പെരുമ്പടപ്പ് കൾട്ടസ് റോഡിലൂടെ യാത്ര ചെയ്യുന്നത്. ആരാധനാലയങ്ങൾ, സ്കൂൾ എന്നിവയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

കല്ലഞ്ചേരി റോഡിന് എം.എൽ.എ ഫണ്ടിൽ നിന്ന് പണം ലഭ്യമാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും അറ്റകുറ്റപ്പണികളുടെ പ്രാരംഭ നടപടികൾ പോലും തുടങ്ങിയിട്ടില്ല. പെരുമ്പടപ്പ് കൾട്ടസ് റോഡ് വഴി 40 ഫീറ്റ് റോഡ് വഴി തോപ്പുംപടിയിൽ എത്താനുള്ള എളുപ്പ മാർഗമാണ് ഇത്. പള്ളുരുത്തി എം.എൽ.എ റോഡ് വഴി കല്ല് ചിറ റോഡും തകർന്ന് കിടക്കുകയാണ്. പുല്ലാർ ദേശം, കടേ ഭാഗം, തങ്ങൾ നഗർ, ചോയ്സ് റോഡ് തുടങ്ങിയവയും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.

സ്ഥലം കൗൺസിലർമാരുടെയും പഞ്ചായത്ത് മെമ്പർമാരുടെയും പിടിപ്പ് കേടാണ് റോഡ് നന്നാക്കാൻ കാലതാമസം നേരിടുന്നതിന് പ്രധാന കാരണം

ജോസഫ് സ്റ്റാൻലി

സാമൂഹ്യ പ്രവർത്തകൻ