കൊച്ചി: കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി ആതിഥ്യം വഹിക്കുന്ന സമ്മിറ്റ് ഒഫ് ഫ്യൂച്ചറിന്റെ രണ്ടാം പതിപ്പ് ജനുവരി 29 മുതൽ ഫെബ്രുവരി ഒന്ന് വരെ കൊച്ചിയിൽ നടക്കും. ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ജെയിൻ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം.എം. ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി, ജെയിൻ യൂണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാൻസലർ പ്രൊഫ.ഡോ.ജെ. ലത, ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, ജെയിൻ യൂണിവേഴ്‌സിറ്റി കൊച്ചി ഹെഡ് ഒഫ് ഓപ്പറേഷൻസ് സുബി കുര്യൻ എന്നിവർ ചേർന്ന് രണ്ടാം എഡിഷന്റെ ലോഗോ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എർത്ത്, സംരംഭകത്വം, വെൽനസ്, ഫുഡ്, കൾച്ചർ ആൻഡ് ലിറ്ററേച്ചർ എന്നിങ്ങനെ ഏഴ് മേഖലകളിലായാണ് നാലു ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടി. 400ൽ അധികം വിദഗ്ധർ, മുപ്പതിലധികം കലാകാരന്മാർ എന്നിവർ വിവിധ സെഷനുകളിൽ പങ്കുചേരും. 30ലധികം പാനൽ ചർച്ചകളും 50ലധികം വർക്ഷോപ്പുകളും മാസ്റ്റർക്ലാസുകളും ഒരുക്കിയിട്ടുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിക്കുന്ന ഒരു മികച്ച വേദിയാണ് സമ്മിറ്റ് ഒഫ് ഫ്യൂച്ചറെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു.