pn

കാലടി: മണ്ഡലകാലം ആരംഭിക്കുവാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാലടി പഞ്ചായത്ത് ശബരിമല തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് പരാതി. ശബരിമല തീർത്ഥാടകരുടെ മുഖ്യ ഇടത്താവളമാണ് കാലടി. അതിനാൽ ഓരോ ദിവസവും ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരാണ് കാലടിയിലെത്തുന്നത്. കാലടിയിൽ വിരിവയ്ക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും വിശ്രമിക്കുന്നതിനുമായാണ് തീർത്ഥാടകർ തമ്പടിക്കുന്നത്.

 നിലവിലെ പ്രശ്‌നങ്ങൾ
1. കാലടി പഞ്ചായത്ത് തീർത്ഥാടകർക്കായി പണികഴിപ്പിച്ച ശരണകേന്ദ്രം, ഇപ്പോൾ പഞ്ചായത്ത് നിർമ്മിക്കുന്ന ബസ് സ്റ്റാൻഡ്കംഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഗോഡൗണായും നിർമ്മാണ ജോലികൾ ചെയ്യുന്നവരുടെ താമസസ്ഥലവുമാക്കി മാറ്റിയിരിക്കുകയാണ്.
2. നൂറുകണക്കിന് വാഹനങ്ങളാണ് മണ്ഡലകാലത്ത് പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ പാർക്ക് ചെയ്യുന്നതിനുള്ള ഗ്രൗണ്ട് അടക്കം അടച്ചിരിക്കുകയാണ്.
3. ടോയ്‌ലറ്റും പ്രവർത്തനരഹിതമായി.
4. കാലടി പഞ്ചായത്ത് ഭരണസമിതി നാളിതുവരെ യാതൊരുവിധ ബദൽ സംവിധാനവും ഒരുക്കിയിട്ടില്ല.

കാലടി പഞ്ചായത്ത് വികസനത്തിന്റെ പാതയിലാണ്. ഷോപ്പിംഗ് കോംപ്ലക്‌സ്‌കം ബസ് സ്റ്റാൻഡ് നിർമ്മാണം നടക്കുന്നു. സമീപത്തുള്ള കാഞ്ചി മഠവുമായി സംസാരിച്ച് ബദൽ സംവിധാനം ഒരുക്കുവാൻ ശ്രമിച്ചുവരുന്നു. അയ്യപ്പൻമാരെ നിരാശരാക്കില്ല. സൗകര്യമൊരുക്കും.
ഷൈജൻ തോട്ടപ്പിള്ളി
പ്രസിഡന്റ്
കാലടി പഞ്ചായത്ത്

വികസനത്തിന്റെ പേരിൽ ആയിരക്കണക്കിന് അയ്യപ്പഭക്തരെ തെരുവിൽ ഉപേക്ഷിക്കുന്ന തെറ്റായ പഞ്ചായത്തിന്റെ നയത്തിനെതിരെ ശക്തമായ പോരാട്ടം സി.പി.എം. സംഘടിപ്പിക്കും
എം.ടി. വർഗീസ്
മുൻ വൈസ് പ്രസിഡന്റ്
സി.പി.എം.
കാലടി

ഹൈന്ദവ ജനതയോടുള്ള കാലടി പഞ്ചായത്തിന്റെ അവഗണനയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അയ്യപ്പൻമാർ ഇക്കുറി വലയും. ശക്തമായി പ്രതിഷേധിക്കും.
വി.എസ്. സുബിൻ കുമാർ
ജില്ലാ സേവാ പ്രമുഖ്
വി.എച്ച്.വി.