പറവൂർ: ഇരുട്ടുക്കുത്തി വള്ളങ്ങൾ മാറ്റുരച്ച ഗോതുരുത്ത് മുസിരിസ് ജലോത്സവത്തിൽ ഗരുഡനും വടക്കുംപുറവും ജേതാക്കളായി. എ. ഗ്രേഡ് ഫൈനലിൽ താന്തോണിത്തുരത്ത് ബോട്ട് ക്ലബ് തുഴഞ്ഞ ഗരുഡൻ ഗോതുരുത്ത് ജലകായിക സമിതിയുടെ ഗോതുരുത്തുപുത്രനെയും ബി. ഗ്രേഡ് ഫൈനലിൽ വടക്കുംപുറം പുനർജനി ബോട്ട് ക്ലബിന്റെ വടക്കുംപുറം കെ.ബി.സി കൊറങ്കോട്ടയുടെ മടപ്ലാതുരുത്തിനെ പരാജയപ്പെടുത്തി.
മദ്ധ്യകേരള ബോട്ട് റേയ്‌സ് വെൽഫെയർ അസോസിയേഷന്റെ സഹകരണത്തോടെ ഗോതുരുത്ത് മുസിരിസ് ബോട്ട് റേയ്‌സ് ക്ലബ് സംഘടിപ്പിച്ച ജലമേളയിൽ ഇരുവിഭാഗങ്ങളിലായി 16 ഇരുട്ടുകുത്തി വള്ളങ്ങൾ പങ്കെടുത്തു. സെന്റ് സെബാസ്റ്റ‌്യൻസ് പള്ളി വികാരി ഫാ. ഡോ.ജാക്സൻ വലിയപറമ്പിൽ പതാക ഉയർത്തി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ജലമേള ഉദ്ഘാടനം ചെയ്‌തു. ക്ലബ് പ്രസിഡന്റ് റോഷൻ മനക്കിൽ അദ്ധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഫ്ലാഗ്‌ഓഫ് ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിത സ്‌റ്റാലിൻ തുഴ കൈമാറി. നടന്മാരായ വിജയകുമാർ, ബൈജു ജോസ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, വി.എസ്. ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു. ജേതാക്കൾക്ക് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ട്രോഫിക്കൾ സമ്മാനിച്ചു.