കുറുപ്പംപടി:സംസ്ഥാന ടൂറിസം വകുപ്പ് ആവിഷ്കരിച്ച "വിഷൻ-2031, ലോകം കൊതിക്കും കേരളത്തിന്റെ ഭാഗമായി കുട്ടിക്കാനം, മരിയൻ കോളേജിൽ നടന്ന സെമിനാറിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ പുതിയ ടൂറിസം ഡെസ്റ്റിനേഷനുകളുടെ രൂപരേഖ അവതരിപ്പിച്ചു. പാണംകുഴി എക്കോ ടൂറിസം പോയിന്റിൽ നിന്ന് പാണിയേലി എക്കോ ടൂറിസം പോയിന്റിലേക്ക് സൈക്കിൾ ട്രാക്ക് നിർമ്മാണം, സൈക്കിൾ ട്രാക്കിന് സമീപം പാർക്കുകളുടെ നിർമ്മാണം, പാണംകുഴി പമ്പ് ഹൗസിന് താഴെ വരുമ്പാറ പടിയിൽ തടയിണ നിർമ്മിച്ച് ബോട്ടിംഗ്, കയാക്കിംഗ്, റിവർ ബാത്തിംഗ്, ഫിഷിംഗ് തുടങ്ങിയിട്ടുള്ള സംവിധാനം, പുലിയണിപാറയിൽ വാച്ചിംഗ് ടവർ നിർമ്മാണം, വെമ്പൂരം ദ്വീപിലേക്ക് റോപ് വേ നിർമ്മാണം തുടങ്ങിയ പദ്ധതികളുടെ രൂപരേഖയാണ് പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ് സെമിനാറിൽ അവതരിപ്പിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ജിനു ബിജു എന്നിവർ സംഘത്തിലുണ്ടായിരുന്നു.