 
പള്ളുരുത്തി: കുമ്പളങ്ങി - കെൽട്രോൺ ഫെറി സർവീസ് ഇന്ന് മുതൽ കുമ്പളങ്ങി ജനത അമ്മനേഴം ഫെറിയിലേക്ക് മാറ്റി. ഇന്ന് മുതൽ ബോട്ട് ചങ്ങാടം സർവീസ് ആരംഭിക്കും. രാവിലെ 6.25 മുതൽ രാത്രി 8 വരെയാണ് സർവീസ് സമയം.കെൽട്രോൺ - കുമ്പളങ്ങി പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഫെറി സർവീസ് ജനത ഫെറിയിലേക്ക് മാറ്റേണ്ടിവന്നത്. ഇതോടനുബന്ധിച്ചു കാലങ്ങളായി ശോചനീയാവസ്‌ഥയിൽ കിടന്നിരുന്ന കുമ്പളങ്ങി ജനത ഫെറിയും ഫെറിയിലേക്കുള്ള റോഡും പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫിന്റെ നേതൃത്വ ത്തിൽ പുനർനിർമ്മിച്ചു. ഇതോടെ മേഖലയിലെ വെള്ളക്കെട്ടിനും പരിഹാരമായി. ബോട്ട് അടുപ്പിക്കുന്നതിന് ഇരു ഫെറികളുടെയും തീരം ആഴംകൂട്ടുന്ന ജോലികളും പൂർത്തിയായി.
പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപ് കെൽട്രോൺ ഫെറിയിൽ സർവീസ് നടത്തിയിരുന്ന ബോട്ടിന്റെ ചങ്ങാടം ഒഴിവാക്കിയിരുന്നു. ഇതോടെ വാഹനയാത്രികർക്ക് എഴുപുന്നയിലൂടെയും ഇടക്കൊ ച്ചിയിലൂടെയും സഞ്ചരിച്ചു ഹൈവേയിൽ എത്തേണ്ട അവസ്‌ഥയായിരുന്നു. ജനത ഫെറി ചങ്ങാടം സർവീസ് തുടങ്ങുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും. എന്നാൽ അരൂർ കരയിൽ ജെട്ടിയുടെ പ്ലാറ്റ്ഫോം ഉയർത്താനുള്ള പ്രവൃത്തികൾ ഇതുവരെയും നടത്തിയിട്ടില്ല. നിലവിൽ റെയിലുകൾ നീട്ടി സർവീസ് തുടങ്ങാനാണ് കരാറുകാരുടെ ശ്രമം.