കൊച്ചി: ഗുരുദേവനോടുള്ള അചഞ്ചലമായ ഭക്തി മനുഷ്യനെ പുരോഗതിയിലേക്കും ശാന്തതയിലേക്കും നയിക്കുമെന്ന് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സംഘടനാ പ്രവർത്തനത്തിൽ 45 വർഷം പിന്നിടുന്ന എസ്.എൻ.ഡി.പി യോഗം പോണേക്കര ശാഖയുടെയും എസ്.എൻ.പി.സി യോഗത്തിന്റെയും പ്രസിഡന്റ് എൻ. സുഗതനെ ആദരിക്കാൻ ചേർന്ന യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി സച്ചിദാനന്ദ.
2003 മുതൽ സുഗതനെ അടുത്തറിയാം. സൗമ്യമായ പെരുമാറ്റവും ചിട്ടയായ പ്രവർത്തനവും കറതീർന്ന ഗുരുഭക്തിയുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ശ്രീനാരായണ ധർമ്മം നെഞ്ചിലേറ്റിയ സുഗതന്റെ നേതൃപാടവത്തിന് തെളിവാണ് രണ്ട് സംഘടനകളുടെയും പുരോഗതിയും കെട്ടുറപ്പും. സംഘടനാ രംഗത്തും പൊതുജീവിതത്തിലും ഇനിയും ദീർഘനാൾ സേവനം ചെയ്യാൻ കഴിയട്ടെയെന്നും സ്വാമി സച്ചിദാനന്ദ ആശംസിച്ചു.
മൂത്തസഹോദരനെപ്പോലെയാണ് തനിക്ക് എൻ. സുഗതനെന്ന് യോഗം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സ്വന്തം കർമ്മരംഗത്ത് സത്യസന്ധതയോടെ ഇത്രയും കാലം നിലനിൽക്കാൻ കഴിയുന്നത് അദ്ദേഹത്തിന്റെ ഗുരുഭക്തിയും നിശ്ചയദാർഢ്യവും കൊണ്ടാണ്. സർക്കാർ കരാറുകാരനെക്കുറിച്ച് പലരും പലതും പറയാറുണ്ട്. എന്നാൽ എൻ. സുഗതനെന്ന ജലസേചന വകുപ്പിന്റെ കരാറുകാരൻ നമ്മുടെ നാടിന് തന്നെ മാതൃകയാണ്. ഏറ്റെടുക്കുന്ന കരാറുകൾ ജനോപകാരപ്രദമായി തന്നെ വരണമെന്ന് നിർബന്ധമുള്ളയാളാണെന്ന് നേരിട്ടറിയാം. സംഘടനാപരമായും അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യത വലിയ അംഗീകാരമാണെന്നും സതീശൻ പറഞ്ഞു.
ചടങ്ങിൽ ആചാര്യൻ പ്രതാപൻ ചേന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാനാമൃതാനന്ദ (ശിവഗിരിമഠം), ക്ഷേത്രം തന്ത്രി ഡോ.ഷിബു ഗുരുപദം, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, കൺവീനർ എം.ഡി. അഭിലാഷ്, സ്വാമി അനഘാമൃത ചൈതന്യ (അമൃതാനന്ദമയി മഠം) ഹൈബി ഈഡൻ എം.പി, മേയർ അഡ്വ.എം. അനിൽകുമാർ, എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, കെ.ബാബു, മുൻ എം.എൽ.എ അഹമ്മദ് കബീർ, ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ശാഖാ സെക്രട്ടറി കെ.എസ്. കാർത്തികേയൻ സ്വാഗതവും കുടുംബയൂണിറ്റ് ജനറൽ കൺവീനർ കെ. ശിവദാസൻ നന്ദിയും പറഞ്ഞു.