കൊച്ചി: സ്വകാര്യ ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ച യു.എ.ഇ സ്വദേശിനി ഖദാ മുഹമ്മദ് സെയ്‌ഫ് സലേം അൽ നുവൈമിയുടെ (38) പോസ്റ്റ്മോർട്ടം ഇന്ന് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. തുടർ‌ന്ന് സ്വകാര്യമെഡിക്കൽ കോളേജ് ആശുപത്രിയിൽ എംബാം ചെയ്ത് ഇന്നു തന്നെ വിമാനമാർഗം നാട്ടിലെത്തിക്കും. മേൽനോട്ടം വഹിക്കാൻ യു.എ.ഇ തിരുവനന്തപുരം കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥൻ കൊച്ചിയിലുണ്ട്.

എരൂരിലെ ആയുർവേദ ആശുപത്രിയിൽ ഒക്ടോബർ ഒന്ന് മുതൽ ചികിത്സയിൽ കഴിയുന്ന മാതാവിനൊപ്പമായിരുന്ന യുവതി ശനിയാഴ്ച ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് കുഴഞ്ഞുവീണത്. വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ് ഇന്നലെ യു.എ.ഇയിലേക്ക് മടങ്ങി. സഹോദരൻ കൊച്ചിയിലുണ്ട്. ഹിൽപാലസ് പൊലീസാണ് മേൽനടപടികൾ സ്വീകരിച്ചത്.