മട്ടാഞ്ചേരി: മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ പ്രവർത്തനം താളംതെറ്റുന്നതായി വ്യാപകപരാതി. ആശുപത്രിയുടെ ദുരവസ്ഥ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യവകുപ്പ് അധികൃതർ എന്നിവരെ ധരിപ്പിച്ചിട്ടും നിരവധി നിവേദനങ്ങൾ നൽകിയിട്ടും ബന്ധപ്പെട്ടവർ നിരുത്തരവാദ സമീപനമാണ് കൈക്കൊള്ളുന്നത്.
ഒരുഘട്ടത്തിൽ തീരദേശകൊച്ചിക്കൊപ്പം വടക്ക് പറവൂർവരെയും തെക്ക് തുറവൂർ വരെയുമുള്ള സാധാരണക്കാരുടെ പ്രസവആശുപത്രിയായിരുന്നു ഇത്. പ്രതിമാസം മുന്നൂറിലേറെ പ്രസവങ്ങൾ നടന്നിരുന്ന ആശുപത്രിയെ 1999ൽ ജില്ലയിലെ പ്രഥമ റഫറൽ കേന്ദ്രമായും പ്രഖ്യാപിച്ചിരുന്നു. നൂറോളം കിടക്കകളും അഞ്ച് ഗൈനോക്കോളജിസ്റ്റ്, അനസ്തേഷ്യസ്റ്റ്, മൂന്ന് പീഡിയാട്രീഷ്യൻമാർ, മികച്ച നഴ്സിംഗ് സൗകര്യങ്ങളുമുള്ള ആശുപത്രി രോഗികൾക്ക് വേണ്ടവിധത്തിൽ ഉപകരിക്കുന്നില്ലെന്നാണ് പരാതി. അതുകൊണ്ടുതന്നെ ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണവും തീരെക്കുറവാണ്.
2023ൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ചപ്പോൾ നൽകിയ വാഗ്ദാനങ്ങളെല്ലാം പാഴ്‌വാക്കായി. ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കി പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അടിയന്തര നടപടിവേണമെന്നും നവജാതശിശുക്കൾക്ക് ആധുനിക ചികിത്സാസംവിധാനങ്ങൾ ഒരുക്കണമെന്നും ആശുപത്രി അധികാരികളുടെ അനാസ്ഥ അന്വേഷിക്കണമെന്നുമാണ് ആവശ്യം.
പരാധീനതകൾ
1 ആശുപത്രിയുടെ ദുരവസ്ഥകാരണം കഴിഞ്ഞ കുറേ നാളുകളായി 2 പ്രസവത്തിനെത്തുന്നവരുടെ എണ്ണം വളരെക്കുറവ്
3 ഇവിടെ ചില മാസങ്ങളിൽ നടക്കുന്നത് അഞ്ചിൽത്താഴെ പ്രസവങ്ങൾ മാത്രം
4 കഴിവുള്ള ഡോക്ടർമാർ ഉണ്ടായിട്ടും റിസ്കെടുക്കാൻ തയ്യാറല്ലാത്തതിനാൽ ഇവിടെ വരുന്നവരെ പ്രസവസമയമാകുമ്പോൾ സ്വകാര്യ ആശുപത്രിലേക്ക് റഫർ ചെയ്യുന്നത് പതിവായി
5 നവജാതശിശുക്കളുടെ പരിചരണത്തിനുവേണ്ട ആധുനിക സംവിധാനങ്ങൾ ഇല്ല
6 തെരുവുനായശല്യവും പാമ്പുശല്യവും രോഗികളെ ഭയപ്പെടുത്തുന്നു
7 പഴയ കെട്ടിടങ്ങൾ മഴയത്ത് ചോർന്നൊലിക്കുന്നു
ആവശ്യത്തിന് ഡോക്ടർമാരും മറ്റ് ജീവനക്കാരും ഉണ്ടായിട്ടും വേണ്ടവിധം രോഗികൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കാത്തത് സംവിധാനങ്ങളുടെ പോരായ്മയാണ്. പ്രശ്നങ്ങളെല്ലാം അടിയന്തരമായി പരിഹരിക്കണം
എൻ. മോഹനൻ, പാലിയേറ്റീവ് കെയർ
എറണാകുളം ജില്ലാ സെക്രട്ടറി
ആശുപത്രിയിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് വേണ്ട നടപടികൾ അടിയന്തരമായി ആരോഗ്യവകുപ്പ് സ്വീകരിക്കണം
ടി.എസ്. തമ്പാൻ. സെക്രട്ടറി,
ശ്രീകരം ഹെൽത്ത് കെയർഫോർ ഓൾ