കൊച്ചി: സഹോദരൻ അയ്യപ്പൻ റോഡിലെ പനമ്പിള്ളിനഗർ ജംഗ്ഷനിലുള്ള 758-ാം നമ്പർ മെട്രോപില്ലർ ഇരുചക്രവാഹന യാത്രക്കാരുടെ പേടിസ്വപ്നമായി തുടരുന്നു. ഇരുവശവും റോഡ് നിരപ്പിൽനിന്ന് ഉയർന്നുനിൽക്കുന്ന പില്ലറിന്റെ അടിത്തറയിൽക്കയറി ബൈക്കുകളും സ്കൂട്ടറുകളും നിത്യമെന്നോണം അപകടത്തിൽപ്പെടുന്നു. നിരവധിപേർക്ക് പരിക്കുമേൽക്കുന്നു.
ഒരുമാസത്തിനിടെ 11പേർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സതേടി. ഭാഗ്യമൊന്നുകൊണ്ട് മാത്രമാണ് വലിയദുരന്തം ഒഴിവാകുന്നത്. കൂടുതൽപേരും മീഡിയന്റെ ഭാഗത്തേക്കാണ് വീഴുന്നത്. ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ സദാപായുന്ന വശത്തേക്ക് വീണാൽ മരണമുറപ്പാണ്. ഇവിടെ ഡ്യൂട്ടിയിലുള്ള ട്രാഫിക് പൊലീസുകാരൻപോലും ഏതുനിമിഷവും അപകടം പ്രതീക്ഷിച്ചാണ് നിൽപ്പ്.
പൂത്തോട്ട സ്വദേശിയായ അമ്പലത്തിങ്കൽ എ.എസ്. സുജിത്തിന് ഇവിടെവീണ് സാരമായി പരിക്കേറ്റു. കൊച്ചി കപ്പൽശാലയിലെ കരാർ ജീവനക്കാരനായ സുജിത്ത് കഴിഞ്ഞ 26ന് രാവിലെ ബുള്ളറ്റ് മോട്ടോർസൈക്കിളിൽ ജോലിക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. പിന്നാലെവന്ന സ്കൂട്ടർ യാത്രക്കാരിയും വീണെങ്കിലും ചെറിയ പോറലുകൾ മാത്രമേ സംഭവിച്ചുള്ളൂ. സുജിത്തിന്റെ വാരിയെല്ലിനും വലത്തേ തോളെല്ലിനും പൊട്ടലുണ്ടായി. തോളെല്ലിന് ശസ്ത്രക്രിയയും വേണ്ടിവന്നു. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിൽ മൂന്നുമാസത്തെ വിശ്രമത്തിലാണ് സുജിത്. ഇടതുവശത്തേക്കാണ് വീണിരുന്നതെങ്കിൽ ജീവിതം അവസാനിച്ചേനെയെന്നും സുജിത് പറഞ്ഞു. ആശുപത്രി ബില്ല് 1.80 ലക്ഷം രൂപയായി. മൂന്നുമാസം കഴിഞ്ഞാലും ജോലിക്ക് കയറാനാകുമോ എന്നുറപ്പില്ല.
* പില്ലർ 825ലെ ഭീതിയൊഴിഞ്ഞു
നോർത്ത് പാലത്തിലും സമാനമായ അവസ്ഥയുണ്ടായിരുന്നു. ഉയർന്നുനിന്ന ഭാഗത്തെ ടാറിംഗ് കഴിഞ്ഞദിവസം ഇളക്കി മാറ്റിയിട്ടിരിക്കുകയാണ്. റീടാറിംഗ് നടത്താത്തതിനാൽ വാഹനങ്ങൾക്ക് കഷ്ടപ്പാടാണ്.
എളംകുളത്തെ അപകടവളവിൽ കുപ്രസിദ്ധമായ 825 -ാം നമ്പർ പില്ലറിൽ നിയന്ത്രണംവിട്ട ബൈക്കുകൾ ഇടിച്ചുകയറി 14 പേരുടെ ജീവൻ പൊലിഞ്ഞശേഷമാണ് റോഡ് ഗ്രൈൻഡ് ചെയ്ത് പരുക്കനാക്കി അപകടങ്ങൾ ഒഴിവാക്കിയത്.