j
വിവാഹവേദിയിൽത്തന്നെ വിവാഹസർട്ടിഫിക്കറ്റ് വധൂവരന്മാർക്ക് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി കൈമാറുന്നു

ഉദയംപേരൂർ: പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്താതെ വീഡിയോ കെ.വൈ.സി ഉപയോഗിച്ച് വിവാഹദിവസം തന്നെ വിവാഹസർട്ടിഫിക്കറ്റ് നൽകി ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ നടക്കാവ് ദേവീദർശനം ഓഡിറ്റോറിയത്തിലാണ് അപൂർവ നിമിഷത്തിന് വേദിയായത്.

ചൂളോത്തിൽവീട്ടിൽ പി.കെ. അജയന്റെയും ശ്രീജയുടെയും മകൾ ലക്ഷ്മി അജയും ആമ്പല്ലൂർ മടിയാത്തുവീട്ടിൽ പ്രകാശന്റെയും പ്രസന്നയുടെയും മകൻ അഭിഷേക് പ്രകാശുമാണ് വിവാഹിതരായത്. ഇവർക്കാണ് ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് വിവാഹദിവസംതന്നെ വിവാഹ സർട്ടിഫിക്കറ്റ് നൽകിയത്.

വധൂവരന്മാർ കെ സ്മാർട്ട് വഴി ഓൺലൈനിൽ വിവാഹ രജിസ്ട്രേഷൻ അപേക്ഷനൽകി. പഞ്ചായത്ത് ജീവനക്കാരായ ടെക്നിക്കൽ അസിസ്റ്റന്റ് ദിലീപ് കുമാർ,ആരതി ചന്ദ്രൻ എന്നിവർ അപേക്ഷ പരിശോധിച്ചു. പഞ്ചായത്ത് സെക്രട്ടറി എസ്. ഷാജി ശിവദാസൻ അനുമതി നൽകിയതോടെ ഞായറാഴ്ച അവധി ദിവസമായിട്ടും വിവാഹ വേദിയിൽവച്ചുതന്നെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ആശംസക്കൊപ്പം സർട്ടിഫിക്കറ്റിന്റെ ഫിസിക്കൽ കോപ്പിയും വധൂവരന്മാർക്ക് കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ജയചന്ദ്രൻ, പഞ്ചായത്ത് അംഗം മിനി സാബു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.