മൂവാറ്റുപുഴ: വെള്ളൂർകുന്നം- കീച്ചേരിപ്പടി ബൈപ്പാസ് റോഡ് മരണക്കുഴിയായി മാറിയതായി പരാതി. ഞായറാഴ്ച ബൈപ്പാസ് റോഡിലെ കുഴിയിൽ വീണ പെൺകുട്ടിയുടെ വിരലുകൾ അറ്റു പോയിരുന്നു. തുടർന്ന് സന്ധ്യയോടെ മൂവാറ്റുപുഴയിലെ ട്രാഫിക് പൊലീസ് കുഴിയടയ്ക്കാൻ ചെറിയ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് സമായസമയങ്ങളിൽ ചെയ്തുതീർക്കേണ്ട റോഡ് നവീകരണ ജോലികളിൽപ്പെട്ടതാണ് റോഡിലെ കുഴിയടക്കുകയെന്നത്. റോഡിന്റെ നിർമ്മാണജോലികൾ ഏറ്റെടുത്തിരുന്ന കരാറുകാരൻ റോഡ് നവീകരണം വേണ്ടരീതിയിൽ പൂർത്തിയാക്കിയിരുന്നില്ലെന്ന പരാതിയും ഉയർന്നുണ്ട്.
റോഡ് നിർമ്മാണം നടത്തി ആറുമാസം പൂർത്തിയാകും മുമ്പാണ് ഇവിടെ കുഴി രൂപപ്പെടാൻ തുടങ്ങിയത്.
ഇതുവരെ 13 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.
റോഡ് അറ്റകുറ്റപ്പണി നടത്താൻ നഗരസഭാ ചെയർമാനും സ്ഥലം എം.എൽ.എയും കാര്യമായ ഒരു ഇടപെടലും നടത്തുന്നില്ലെന്ന് നാട്ടുകാർ.
ചെറിയ കുഴികൾ വലുതായി വലുതായി വലിയ ഗർത്തങ്ങളായി മാറി.
മുനിസിപ്പൽ സ്റ്റേഡിയം കോംപ്ലക്സിൽ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് ഓഫീസിലേക്ക് ദിവസവും നിരവധി തവണ പൊതുമരാമത്ത് വകുപ്പിന്റെ വാഹനങ്ങളിൽ മൂവാറ്റുപുഴയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇതുവഴി കടന്നുപോകുന്നുണ്ട്.
ഇവരും ജനപ്രതിനിധികളും റോഡിന്റെ അവസ്ഥ കാണാതെ പോകുന്നത് എന്താണെന്ന് നാട്ടുകാർ ചോദിക്കുന്നു.
വലിയ അപകടങ്ങളും മരണങ്ങളും സംഭവിച്ച ശേഷം നടപടി എടുത്തിട്ട് എന്ത് കാര്യമെന്ന് യാത്രക്കാർ.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ പോലും വെള്ളൂർകുന്നം- കീച്ചേരിപ്പടി ബൈപ്പാസ് റോഡ് വിഷയത്തിൽ ജനപ്രതിനിധികളുടെയും അധികൃതരുടെയും നിസംഗത വലിയ ചർച്ചയാകുമെന്ന് ഉറപ്പ്.
വെള്ളൂർക്കുന്നം - കീച്ചേരിപ്പടി റോഡിലെ കുഴികൾ അടക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കുവാൻ നഗരസഭയും പൊതുമരാമത്ത് വകുപ്പും തയ്യാറാകണം
ആർ.രാജീവ്
കൺവീനർ,
ലൈബ്രറി കൗൺസിൽ
മുൻസിപ്പൽ സമിതി