* അനാവശ്യ തടസം ഉന്നയിക്കരുതെന്നും ഹൈക്കോടതി

കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്ര പരിസരത്ത് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ശുചിത്വമിഷന്റെ സഹായം ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. അനാവശ്യതടസങ്ങൾ ഉന്നയിക്കാതെ ഇതുസംബന്ധിച്ച് ശുചിത്വമിഷന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അറിയിക്കാനും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു. സ്വമേധയ എടുത്ത ഹർജിയിലാണ് ഉത്തരവ്. വിഷയം നവംബർ 26 ന് വീണ്ടും പരിഗണിക്കും.

ക്ഷേത്രം വൃത്തിയായി സൂക്ഷിക്കാൻ സ്വീകരിച്ച നടപടികൾ അന്ന് കൊച്ചി ദേവസ്വംബോർഡ് അറിയിക്കണം. ക്ഷേത്രം പഞ്ചായത്ത് പരിധിയിൽ വരുന്നതിനാൽ സേവനം ലഭ്യമാക്കാനാകില്ലെന്നാണ് ശുചിത്വമിഷൻ 2023ൽ അറിയിച്ചത്. തുടർന്ന് ദേവസ്വംബോർഡ് നിവേദനം നൽകിയെങ്കിലും തീരുമാനമുണ്ടായില്ല.
അന്നദാനമണ്ഡപം, ആനത്തൊട്ടിൽ തുടങ്ങിയവയുടെ ജോലികൾ നടക്കുന്നതായി ദേവസ്വംബോർഡ് അറിയിച്ചു. മാലിന്യസംസ്‌കരണത്തിനുള്ള എസ്റ്റിമേറ്റ് മൂന്നാഴ്ചയ്ക്കുളളിൽ തയ്യാറാക്കും.

സ്ഥലത്തെ താമസക്കാരേയും ഉൾപ്പെടുത്തി ക്ഷേത്രപരിസരം വൃത്തിയാക്കാനുള്ള പദ്ധതിക്ക് രൂപം നൽകിയതായി ചോറ്റാനിക്കര പഞ്ചായത്തും അറിയിച്ചു. ക്ഷേത്രപരിസരം മലീമസമാണെന്ന പരാതിയെ തുടർന്നാണ് ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്.