photo
എടവനക്കാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ രാത്രി സമരം (ഫയൽ ചിത്രം)

കെ.കെ. രത്‌നൻ
വൈപ്പിൻ: തീരദേശപരിപലന നിയമത്തിലെ നിയന്ത്രണങ്ങൾ മൂലം എടവനക്കാട് വികസന നിഷിദ്ധ മേഖലയിലുള്ളവർക്ക് വീട് നിർമ്മാണത്തിന് അനുമതി നിഷേധിച്ച പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും വീട് നിർമ്മാണ അപേക്ഷകളിൽ തീരുമാനമെടുക്കാതെ പഞ്ചായത്ത്. ഒക്‌ടോബർ 9ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോ. ഡയറക്ടറുടെ ചേംബറിൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് , പഞ്ചായത്ത് ഉദ്യോഗസ്ഥർ, എടവനക്കാട് സി.ആർ.ഇസഡ് ആക്ഷൻ കൗൺസിൽ നേതാക്കൾ എന്നിവർ കൂടിയാലോചന നടത്തി വിഷയത്തിൽ തീരുമാനമെടുത്തിരുന്നു. തദ്ദേശവാസികൾക്ക് 3229 ചതുരശ്ര അടിവരെ വിസ്തൃതിയിൽ വീട് നിർമ്മാണത്തിന് ഗ്രാമപഞ്ചായത്തിന് അനുമതി നൽകാം എന്നായിരുന്നു തീരുമാനം. ഇതനുസരിച്ച് പഞ്ചായത്ത് 2 പേർക്ക് വീട് നിർമ്മാണത്തിനുള്ള അനുമതിയും നൽകി. എന്നാൽ തുടർന്നുള്ള അപേക്ഷകളിൽ പഞ്ചായത്ത് അനുമതി നൽകാതെ തീരദേശ പരിപാലന അതോറിട്ടിയുടെ തിരുവനന്തപുരം ഓഫീസിലേക്ക് അയക്കുകയാണ് ചെയ്തത്.

പി.എസ്. ശ്യാംകുമാർ, സി.കെ. ബാബു, പി.എ. തിലകൻ, പി.ടി. അനിൽകുമാർ, ഷൈല വേണു, പി.ജി. ഗിരീഷ്, ഇ.വി. ദാസൻ, സിബിൻകുമാർ, മനീഷ്, അബ്ദുൾ റസാക്ക് തുടങ്ങിയവരുടെ അപേക്ഷകളാണ് തിരുവനന്തപുരത്തേക്ക് അയച്ചത്.

പ്രശ്നപരിഹാരമായതോടെ സമരപരമ്പരകൾ ആക്ഷൻ കൗൺസിൽ അവസാനിപ്പിച്ചിരുന്നു. സി.ആർ.ഇസഡ് നിയമത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇളവുകൾ വരുത്തിയിട്ടും പഞ്ചായത്ത് കടുംപിടുത്തം തുടരുന്നതോടെയാണ് വീടിന് അനുമതി ലഭിക്കേണ്ടവരും ആക്ഷൻകൗൺസിലും നിരവധി സമരങ്ങൾ നടത്തിയത്. ഒടുവിൽ ഒക്‌ടോബർ 6 മുതൽ ഇവർ 3 പകലും 2 രാത്രിയും തുടർച്ചയായി പഞ്ചായത്ത് ഓഫീസിൽ കുത്തിയിരുപ്പ് സമരവും കിടപ്പ് സമരവും നടത്തി. ഇതേ സമയം തന്നെ ഉദ്യോഗസ്ഥരാണ് തടസക്കാർ എന്നാരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് തന്റെ ചേംബറിൽ സമരം തുടങ്ങി. രണ്ടാം ദിവസം ജില്ലാഭരണകൂടം ഇടപെട്ടു. 9-ാം തീയതി ബന്ധപ്പെട്ടവരെയെല്ലാം വിളിച്ച് ചേർത്ത് വീട് നിർമ്മാണത്തിന് പഞ്ചായത്തിന് അനുമതി നൽകാമെന്ന് തീരുമാനിച്ചു. ഈ തീരുമാനമാണ് ഇപ്പോൾ പഞ്ചായത്ത് അട്ടിമറിക്കുന്നത്.

ഭൂമി നിലമാണോ പുരയിടമാണോ എന്ന് വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷകൾ തിരുവനന്തപുരത്തേക്ക് അയക്കുന്നത്. കാലങ്ങളായി പുരയിടം എന്ന നിലയിൽ കരം അടക്കുന്ന ഭൂമികളെക്കുറിച്ചാണ് പഞ്ചായത്ത് സംശയാലുക്കളാകുന്നത്. സി.ആർ.ഇസഡ് നിയമത്തിൽ നിർദ്ദേശിച്ചിട്ടില്ലാത്ത സങ്കീർണമായ നടപടി ക്രമങ്ങളാണ് പഞ്ചായത്ത് പിൻതുടരുന്നത്.

ഒത്തുതീർപ്പ് വ്യവസ്ഥകൾ അട്ടിമറിച്ച് വീട് നിർമ്മാണത്തിനുള്ള അപേക്ഷകൾ അനന്തകാലത്തേക്ക് നീട്ടിക്കൊണ്ടു പോകാനാണ് പഞ്ചായത്ത് നീക്കമെങ്കിൽ പഞ്ചായത്ത് ഓഫീസിൽ വീണ്ടും കുത്തിയിരിപ്പ് സമരം നടത്തും

സി.ആർ.ഇസഡ്

ആക്ഷൻകൗൺസിൽ