
മൂവാറ്റുപുഴ: എം.സി റോഡിൽ മീൻ കയറ്റിയ മിനിവാനും കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ മൂവാറ്റുപുഴ - പെരുമ്പാവൂർ റോഡിൽ വാഴപ്പിള്ളി മിൽമ പ്ലാന്റിന് മുന്നിലായിരുന്നു അപകടം. കാർ യാത്രക്കാരായ വല്ലം ഞെഴുവാൻ വീട്ടിൽ ജോർജ് (64), ഭാര്യ ഡെയ്‌സി, ജിയോ, മിനി വാനിലെ സഹായി ആലപ്പുഴ സ്വദേശി ഷെമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വല്ലത്ത് നിന്ന് കല്ലൂർക്കാട്ടേക്ക് പോവുകയായിരുന്ന കാറും പെരുമ്പാവൂർ ഭാഗത്തേക്ക് മത്സ്യവുമായി പോകുകയായിരുന്ന മിനിവാനുമാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാരും സ്ഥലത്തെത്തിയ ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.