seba

ആലുവ: സ്‌പൈനൽ മാസ്കുലർ അട്രോഫി രോഗ ബാധിതർക്കുള്ള ജീവൻ രക്ഷാ മരുന്ന് ഇന്ത്യയിൽ നിർമ്മിച്ച് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള നിയമ പോരാട്ടത്തിൽ വിജയിച്ച ആലുവ പാനായിക്കുളം സ്വദേശി പി.എ. സേബയെ കോതമംഗലം പീസ് വാലി ആദരിച്ചു.

സേബയുടെ വസതിയിലെത്തി സംസ്ഥാന ഭിന്നശേഷി കമ്മിഷണർ ഡോ. പി.ടി. ബാബുരാജാണ് ആദരവ് കൈമാറിയത്.

സ്‌പൈനൽ മാസ്കുലർ അട്രോഫി ബാധിതർക്കുള്ള മരുന്നിന് ഭീമമായ വിലയാണ്. രണ്ടു വയസിനുള്ളിൽ കൊടുക്കേണ്ട ഒറ്റ ഡോസ് മരുന്നിന്റെ വില 18 കോടി രൂപയാണ്. അത് ലഭിച്ചവരും ലഭിക്കാത്തവരും തുടർന്നു ജീവൻ നിലനിറുത്താനും അസുഖത്തിന്റെ തീവ്രത കുറക്കാനും ഉപയോഗിക്കുന്ന മരുന്നിനു പ്രതിമാസം വേണ്ടത് 6.2 ലക്ഷം രൂപ. റിസ്‌ഡിപ്ലം എന്ന ഈ മരുന്ന് കുറഞ്ഞ നിയമ പോരാട്ടത്തിലൂടെ 15,900 രൂപക്ക് ലഭ്യമാകാനാണ് സാഹചര്യമൊരുങ്ങിയത്.

26 കാരിയായ പി.കെ. സേബ സ്‌പൈനൽ മാസ്കുലർ അട്രോഫി രോഗ ബാധിതയാണ്. ആലുവ സെന്റ് സേവ്യഴ്സ്‌ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. എഴുത്തുകാരിയും ചിത്രകാരിയുമാണ്. വിരൽ പഴുതിലെ ആകാശം എന്ന പേരിൽ സേബ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പീസ് വാലി ഉപാദ്ധ്യക്ഷൻ രാജീവ്‌ പള്ളുരുത്തി, പ്രവർത്തക സമിതി അംഗങ്ങളായ ഫാറൂഖ് കരുമക്കാട്ട്, വി.എ. ശംസുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.