കൊച്ചി: കുവൈറ്റിൽ നിന്ന് കൊച്ചിയിൽ വിമാനമിറങ്ങി കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ (59)യെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
കുവൈറ്റിൽ ബിസിനസുകാരനായ ലാമയെ വിസ കാലാവധി തീർന്നതിനെ തുടർന്നാണ് തിരിച്ചയച്ചത്. ബംഗളൂരുവിന് പകരം നെടുമ്പാശേരിക്കാണ് കുവൈറ്റ് അധികൃതർ കയറ്റിവിട്ടത്. വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല. നെടുമ്പാശേരിയിൽ നിന്ന് ആലുവ മെട്രോ സ്റ്റേഷനിലെത്തിയ സൂരജ് ലാമയെ കാണാതായി. ലാമയുടെ ഭാര്യ റിമ നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കൊച്ചിയിലെത്തിയ മകൻ സാന്റോൺ ലാമ രണ്ടാഴ്ച തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പത്രങ്ങളിൽ പരസ്യം നൽകിയതിനെത്തുടർന്ന്, തുതിയൂരിൽ അവശനിലയിൽ കണ്ട സൂരജ് ലാമയെ തൃക്കാക്കര പൊലീസ് കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചതായി കണ്ടെത്തി. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങിപ്പോയെന്നാണ് അധികൃതർ നൽകിയ വിവരം. പിന്നീട് യാതൊരു വിവരവുമില്ല. തൃക്കാക്കര പൊലീസിലും പരാതി നൽകിയ മകൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും നൽകിയിരുന്നു.